കോവിഡ് രണ്ടാം തരംഗം : പഞ്ചായത്തുകളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി; ശമ്പളത്തിന് പോലും പണമില്ലാത്ത പഞ്ചായത്തുകൾ

കോവിഡ് രണ്ടാം തരംഗംമൂലം പഞ്ചായത്തുകളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഫണ്ടുമുഴുവനും കോവിഡ് പ്രതിരോധത്തിനായി നീക്കിവെയ്ക്കേണ്ടിവന്നതും നികുതിവരുമാനം കുത്തനെ ഇടിഞ്ഞതുമാണ്‌ പ്രതിസന്ധിക്ക്‌ കാരണം. പലയിടത്തും ശമ്പളം നൽകാൻപോലും പണമില്ല.

പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക്‌ പണം നൽകാതിരുന്നതും തിരിച്ചടിയായി. കോവിഡ് ചികിത്സാകേന്ദ്രങ്ങൾ, സാമൂഹിക അടുക്കളകൾ എന്നിവയുടെ നടത്തിപ്പിന്‌ വൻ തുകയാണ് ഓരോ മാസവും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തേണ്ടത്.

ചെലവ് കൂടി ചികിത്സാ കേന്ദ്രങ്ങളിൽ നിയമിക്കുന്ന ആരോഗ്യപ്രവർത്തകരുടെ ശമ്പളം മാത്രമാണ് ആരോഗ്യവകുപ്പോ ദേശീയ ആരോഗ്യദൗത്യമോ നൽകുന്നത്. മറ്റ്‌ താത്കാലിക ജീവനക്കാരുടെയെല്ലാം ശമ്പളബാധ്യത തദ്ദേശസ്ഥാപനങ്ങളുടെ ചുമലിലാണ്. ജീവനക്കാർക്കുവേണ്ട പി.പി.ഇ. കിറ്റുൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങളും തദ്ദേശസ്ഥാപനങ്ങൾ സ്വന്തമായി വാങ്ങുകയാണ്.

തിരിച്ച് കിട്ടുന്നില്ല കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കും സാമൂഹിക അടുക്കളകളുടെ നടത്തിപ്പിനും ചെലവായ തുക സർക്കാരിൽനിന്ന് തിരിച്ചുനൽകുമെന്ന് വ്യക്തമാക്കിയിരുന്നു. അതനുസരിച്ച് ബില്ലും കണക്കും സമർപ്പിച്ചിട്ടും പല തദ്ദേശസ്ഥാപനങ്ങൾക്കും ഇതുവരെ പണം കിട്ടിയില്ല. ചിലർക്ക്‌ ചെലവായതിന്റെ നാലിലൊന്നുതുക മാത്രം കിട്ടി.

ഓഡിറ്റോറിയങ്ങൾ, ഹാളുകൾ ഷോപ്പിങ് കോംപ്ലക്‌സുകൾ എന്നിവയിൽനിന്നുള്ള വരുമാനം പൂർണമായും നിലച്ചു. വരുമാനമാർഗങ്ങൾ ഒന്നൊന്നായി അടയുകയും ചെലവ്‌ കുതിച്ചുയരുകയും ചെയ്തതോടെ നേരത്തെ നീക്കിയിരിപ്പുണ്ടായിരുന്ന തദ്ദേശസ്ഥാപനങ്ങൾപോലും പ്രതിസന്ധിയിലായി.

ജനറൽ പർപ്പസ് ഫണ്ടെങ്കിലും വർധിപ്പിച്ചുനൽകണമെന്നാവശ്യപ്പെട്ട്‌ തദ്ദേശസ്ഥാപനങ്ങളിൽ പലതും സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

error: Content is protected !!