ചിറക്കടവിൽ അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിൽ ഇടിച്ചു; നാലുപേർക്ക് പരിക്ക്, കാർ നിർത്താതെ പോയി
ചിറക്കടവ്: നിർമാണം നടക്കുന്ന പുനലൂർ-പൊൻകുന്നം ഹൈവേയിൽ ചിറക്കടവ് പാറക്കടവിൽ അമിതവേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ചു. ഓട്ടോഡ്രൈവർക്കും പിഞ്ചുകുഞ്ഞടക്കം കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
ഓട്ടോഡ്രൈവർ പാറക്കടവ് വടക്കേമുറിയിൽ വിഷ്ണു കെ.വിജയൻ (34), ഭാര്യ സിന്ധു (27), മക്കളായ തൻവി (നാലര), ജാൻവി (ആറുമാസം) എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരെയും കോട്ടയത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.30-നായിരുന്നു അപകടം. ആശുപത്രിയിൽ പോയി മടങ്ങിവരുകയായിരുന്നു കുടുംബം. പാറക്കടവിൽ ഇവരുടെ ഓട്ടോറിക്ഷ ഇടറോഡിലേക്ക് തിരിഞ്ഞിറങ്ങവേ പിന്നിലെത്തിയ കാർ ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ വിഷ്ണുവിന്റെ ദേഹത്തേക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഓടിയെത്തിയ പരിസരവാസികളാണ് ഓട്ടോറിക്ഷ പൊക്കിമാറ്റി രക്ഷാപ്രവർത്തനം നടത്തിയത്.
ഹൈവേയുടെ പണി നടക്കുന്നതിനാൽ ഇടറോഡിലേക്കിറങ്ങുന്നിടം കട്ടിങ്ങായി നിൽക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കരാറുകാർ ഇവിടെ മണ്ണിട്ട് നികത്തി. റോഡ് ടാറിങ് പൂർത്തിയാകുന്നിടത്ത് ഇടറോഡുകളുടെ സുരക്ഷിതത്വത്തിന് വേണ്ട നിർമാണം നടത്താത്തത് അപകടങ്ങൾക്കിടയാക്കുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.