എരുമേലിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ; സമ്പൂർണ അടച്ചിടൽ, യാത്രക്ക് വാക്സിൻ രേഖ നിർബന്ധം.
എരുമേലി : കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാൽ, ഒരാഴ്ചത്തേക്ക് എരുമേലി പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പ്രദേശം സമ്പൂർണമായും അടച്ചിടും. കോവിഡ് വർധനവിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഡി കാറ്റഗറിയിൽ പെടുത്തിയിരുന്നു. ഇന്ന് 34 പേർക്കാണ് പുതിയതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അതോടെ പഞ്ചായത്തിൽ നൂറ്റമ്പതിൽ അധികം ആക്റ്റീവ് കേസുകൾ നിലവിലുണ്ട് .
ഒരാഴ്ചക്ക് ശേഷവും കോവിഡ് വർദ്ധനവ് തുടർന്നാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതൽ യാത്രകൾ ചെയ്യുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. അല്ലെങ്കിൽ ഒരാഴ്ചയിൽ കുറയാത്ത കോവിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് റിസൾട്ടിന്റെ പകർപ്പ് കൈവശം കരുതിയിരിക്കണമെന്ന് പോലിസ് അറിയിച്ചു. ഒപ്പം യാത്ര സംബന്ധിച്ച് സത്യവാങ്മൂലം കരുതുകയും വേണം.
ക്വാറന്റൈനിൽ കഴിയുന്നവരെ പോലിസ് അന്വേഷിച്ച് എത്തും. ഇവർ പുറത്തിറങ്ങുന്നത് അറിഞ്ഞാൽ കേസെടുക്കും. ഇതിനുള്ള പരിശോധനകൾക്ക് പോലീസിന്റെ ബൈക്ക് പട്രോളിംഗ് ഉണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പിഴ ഉൾപ്പെടെ നിയമ നടപടികൾ സ്വീകരിക്കും. ഇത്തരക്കാരുടെ വാഹനങ്ങൾ പിടിച്ചെടുത്ത് പോലിസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിക്കും.
കൂട്ടംകൂടൽ നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 26 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 34 പേർക്ക് രോഗം സ്ഥിരീകരിച്ചു. നൂറിലേറെ പേർ ക്വാറന്റൈനിലാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഡി കാറ്റഗറി പ്രകാരം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തന അനുമതിയുള്ളത്. അവശ്യ സേവന വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് ഔദ്യോഗിക തിരിച്ചറിയൽ രേഖ നിർബന്ധമാണ്. രോഗികൾ, സഹായികൾ, വാക്സിൻ സ്വീകരിക്കാൻ പോകുന്നവർ ഇത് സംബന്ധിച്ച് വ്യക്തമായ രേഖ കരുതിയിരിക്കണം. വിവാഹം, മറ്റിതര പരിപാടികൾ എന്നിവക്ക് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണം. ഡി കാറ്റഗറി പ്രകാരമുള്ള നിയന്ത്രണങ്ങൾ പഞ്ചായത്ത് പരിധിയിൽ കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചെന്നും ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും പോലിസ് അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നതിന് കോവിഡ് നിർണയ ടെസ്റ്റുകൾ വർധിപ്പിക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.