ചെറുവള്ളിയിൽ പൊൻകുന്നം-പുനലൂർ ഹൈവേയിൽ പിക്കപ്പ് വാൻ കലുങ്കിൽ തട്ടി തോട്ടിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്
ചെറുവള്ളി: പൊൻകുന്നം-പുനലൂർ ഹൈവേ നിർമാണം നടക്കുന്ന റോഡിൽ ചെറുവള്ളി പള്ളിപ്പടിയിൽ, ശക്തമായ മഴയത്ത്, റോഡിൽനിന്ന് തെന്നിനീങ്ങിയ പിക്കപ്പ് വാൻ കലുങ്കിൽ തട്ടി തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. പാലായിൽ നിന്ന് ബേക്കറി സാധനങ്ങളുടെ വിതരണത്തിനെത്തിയ വാനാണ് മറിഞ്ഞത്. അശാസ്ത്രീയ കലുങ്ക് നിർമാണം മൂലമാണ് അപകടം ഉണ്ടായതെന്ന് പ്രദേശവാസികൾ ആരോപിച്ചു .
വാനിലുണ്ടായിരുന്ന ഇളങ്ങുളം പുൽപ്പാറയിൽ സുരേഷ്, രാമപുരം കാഞ്ഞിരക്കുഴയ്ക്കൽ ജോബിൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. മറിഞ്ഞ വാനിന്റെ വാതിലിനിടയിൽ കൈ കുരുങ്ങി ഗുരുതരമായ പരിക്കാണ് ഇരുവർക്കും. നാട്ടുകാർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശക്തമായ മഴസമയത്തായിരുന്നു അപകടം. റോഡിൽനിന്ന് തെന്നിനീങ്ങിയ വാൻ കലുങ്കിൽ തട്ടിയാണ് കൈത്തോട്ടിലേക്ക് വീണത്. റോഡിന്റെ നിർമാണത്തിലെ അപാകമാണ് ഇവിടെ നിരന്തരം അപകടങ്ങൾക്കിടയാക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ കലുങ്കിൽ മറ്റൊരു വാഹനം ഇടിച്ച് തകർന്നിരുന്നു. കലുങ്കിന്റെ ഭിത്തി റോഡിലേക്ക് ഇറങ്ങിനിൽക്കുന്നത് അപകടകാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
നിർമാണം പുരോഗമിക്കുന്ന പൊൻകുന്നം-പുനലൂർ റോഡിൽ ചെറുവള്ളി പള്ളിപ്പടിയ്ക്കു സമീപം അപകടങ്ങൾക്കിടയാക്കുന്നത് അശാസ്ത്രീയ നിർമാണം മൂലമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി ആരോപിച്ചു. റോഡിലേക്ക് ഇറക്കി നിർമിച്ചിരിക്കുന്ന ഭിത്തി നീക്കം ചെയ്യണമെന്ന് നിർമാണകമ്പനിയോടും കെ.എസ്.ടി.പി. അധികൃതരോടും ആവശ്യപ്പെട്ടിരുന്നതാണ്. റോഡിന്റെ പലഭാഗത്തും സമാനമായ അപകടസ്ഥിതിയുണ്ട്.