ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ച് ആദ്യത്തെ വൈമാനിക പരിശീലനകേന്ദ്രം

ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ച് വണ്ടിപ്പെരിയാർ സത്രത്തിലെ മഞ്ഞുമലയിൽ എൻസിസിയുടെ ആദ്യത്തെ വൈമാനിക പരിശീലനകേന്ദ്രം നവംബർ ഒന്നിനു പ്രവർത്തനം ആരംഭിക്കും. സത്രത്തിലെ മൈക്രോലൈറ്റ് എയർസ്ട്രിപ്പിനു ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷന്റെ ലൈസൻസ് ലഭിച്ചിട്ടുണ്ട്. എൻസിസി എയർ വിങ് കെഡറ്റുകൾക്കു പരിശീലനം നൽകാൻ എയർ സ്ട്രിപ്      രൂപകൽപന ചെയ്തതു പൊതുമരാമത്തു വകുപ്പാണ്. നവംബർ ഒന്നിനു മുഖ്യമന്ത്രി എയർ സ്ട്രിപ് രാജ്യത്തിനു സമർപ്പിക്കും.

എൻസിസി കെഡറ്റുകൾക്കു വൈമാനികപരിശീലനം നൽകുന്ന രാജ്യത്തെ ആദ്യത്തെ പരിശീലനകേന്ദ്രമാണു സത്രത്തിലേത്. പ്രതിവർഷം ആയിരത്തോളം എൻസിസി കെഡറ്റുകൾക്കു സത്രം എയർസ്ട്രിപ്പിൽ പരിശീലനം നൽകാൻ സാധിക്കും. ഇടുക്കി ജില്ലയ്ക്കു മുൻഗണന ലഭിക്കുമ്പോഴും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 15 എൻസിസി ബറ്റാലിയനുകൾക്കും പരിഗണനയുണ്ട്. 

ഇടുക്കിയുടെ ആകാശം

സത്രം എയർസ്ട്രിപ്പിൽ ആദ്യമായി വിമാനമിറങ്ങുമ്പോൾ ഇടുക്കിക്കു പ്രതീക്ഷകൾ ഏറെയാണ്. ഹൈറേഞ്ച് മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി എയർ സ്ട്രിപ് ഉപയോഗപ്പെടുത്താൻ കഴിയും. കുമളി, മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾക്കൊപ്പം ജില്ലയിലെ പ്രധാന ആകർഷണകേന്ദ്രമാകാൻ സത്രത്തിനു കഴിയും. കാട്ടുതീ പടരുമ്പോൾ നിരീക്ഷണത്തിനായി ചെറുവിമാനങ്ങൾ പറത്താനും വിഐപി സന്ദർശങ്ങൾക്കായി വിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാനും പുതിയ    എയർ സ്ട്രിപ് സഹായകമാകും. 

പച്ചപ്പിൽ പൊതിഞ്ഞൊരു ചെറുവിമാനത്താവളം

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണു സത്രം. പച്ചപ്പു നിറഞ്ഞ മലനിരകൾക്കു നടുവിൽ നിർമിച്ച എയർസ്ട്രിപ്പിൽ നിന്നുള്ള കാഴ്ചകൾ ആരെയും ആകർഷിക്കും. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 940 മീറ്റർ (3083 അടി) ഉയരത്തിലാണു പുതിയ എയർ സ്ട്രിപ്. വണ്ടിപ്പെരിയാർ പഞ്ചായത്തിൽ സത്രം വിനോദസഞ്ചാര കേന്ദ്രത്തിനു താഴെ റവന്യു വകുപ്പ് വിട്ടുകൊടുത്ത 12 ഏക്കറിലാണ് എയർ സ്ട്രിപ്. 650 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള റൺവേയുടെ നിർമാണ ജോലികൾ പൂർത്തിയായി. വിമാനങ്ങൾ കയറ്റിയിടാനുള്ള ഹാങ്ങറിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. ഓഫിസുകളും പരിശീലനമുറികളും മലയുടെ വശങ്ങളിൽ നിർമിക്കുന്നു. മൂവാറ്റുപുഴ ആസ്ഥാനമായ കാഞ്ഞിരംകുന്നേൽ കൺസ്ട്രക്‌ഷൻസ് ആണ് 10 കോടി രൂപ ചെലവിൽ റൺവേ നിർമാണം ഏറ്റെടുത്തത്.

എയർസ്ട്രിപ്പിലേക്കുള്ള വഴി 

കോട്ടയം ഭാഗത്തു നിന്നു വരുന്നവർക്കു മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ ടൗണിന് ഒരു കിലോമീറ്റർ പിറകിലായി എൽഐസി ജംക്‌ഷൻ വഴി അരണയ്ക്കൽ, മൗണ്ട് ശബരിമല എന്നീ എസ്റ്റേറ്റുകളിലൂടെ സഞ്ചരിച്ച് ശബരിമല എസ്റ്റേറ്റിൽ എത്തി ഇടത്തോട്ടു തിരിഞ്ഞ് ഒന്നര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സത്രം എയർസ്ട്രിപ്പിൽ എത്താം. പത്തനംതിട്ട ഭാഗത്തു നിന്നു വരുമ്പോൾ ആങ്ങമൂഴി, ഗവി, വള്ളക്കടവ്, വണ്ടിപ്പെരിയാർ വഴി എൽഐസി ജംക്‌ഷനിൽ എത്താം.

error: Content is protected !!