“കരുത്ത്- 2021” : അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന അതിജീവന പരിപാടികൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾ സ് ഹൈസ്കൂൾ കരുത്ത്- 2021 ന്റെ പ്രയോക്താവായി മാറുന്നു. അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന അതിജീവന പരിപാടികൾക്ക് തുടക്കം കുറിച്ചു.
90 – ൽ പരം വർഷങ്ങളുടെ പാരമ്പര്യ മികവിൽ പരിലസിക്കുന്ന ഈ പെൺപള്ളിക്കൂടത്തിന് നവതി പ്രഭയിൽ ചാർത്തുന്ന ഒരു പൊൻതൂവൽ കൂടിയായി കരുത്ത്-2021. ആരംഭഘട്ടം മുതൽ സ്ത്രീ ശാക്തീകരണത്തിന്റെ കരുത്തുറ്റ വക്താവായിരുന്നു സെന്റ് മേരീസ്.
സുശക്തമായ സമൂഹത്തെ പടുത്തുയർത്തുന്നതിൽ സ്ത്രീകൾക്കുള്ള പങ്ക് തിരിച്ചറിഞ്ഞ് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു നയിക്കുന്നതിനുതകുന്ന ശിക്ഷണ രീതികളാണ് സ്കൂൾ പിൻതുടരുന്നത്. സ്വയം ശക്തിയാർജിക്കുന്നതിനൊപ്പം ഒപ്പമുള്ളവരെയും ആ ലക്ഷ്യത്തിലേയ്ക്കു നയിക്കാൻ ഇവിടുത്തെ വിദ്യാർത്ഥിനികളെ സജ്ജമാക്കുന്ന കർമ പരിപാടികളാണ് ഇവിടെ നടപ്പിലാക്കുന്നത്.
സ്ത്രീ അമ്മയാണ്, സഹോദരിയാണ്, ദേവിയാണ് എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകൾ ആത്മാർത്ഥതയില്ലാത്ത കപട വാക്കുകളായി പരിണമിക്കുന്ന കാഴ്ചയാണ് നിത്യജീവിതത്തിൽ നാം കണ്ടു കൊണ്ടിരിക്കുന്നത്. പെൺകുട്ടികൾക്കെതിരെ നടമാടുന്ന അനീതികളും അക്രമങ്ങളും കൊലപാതകങ്ങളും അവരുടെ മനോധൈര്യം കെടുത്തിക്കളയുന്നു. പെൺകുട്ടികൾ അബലകളല്ല. അവർ ബഹുമാനിക്കപ്പെടേണ്ടവരാണ് എന്ന ധാരണ കുട്ടികളിൽ തന്നെ രൂഢമൂലമാകണം. എങ്കിൽ മാത്രമേ ഈ ദുരവസ്ഥയ്ക്ക് അന്ത്യം കുറിക്കാൻ കഴിയുകയുള്ളു എന്ന ബോധ്യത്തിൽ നിന്നാണ് കരുത്ത്-2021 പിറവിയെടുക്കുന്നത്.
സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികമാരായ ശ്രീമതി ജാക്വിലിൻ സെബാസ്റ്റ്യൻ, ശ്രീമതി ജിബി ജേക്കബ് എന്നിവർ ഈ സംരംഭത്തിന് നേതൃത്വം നൽകുന്നു. വിദ്യാർത്ഥിനികൾ സ്വയം സുരക്ഷ ഉറപ്പാക്കണം. മറ്റുള്ളവരെ ആ ലക്ഷ്യസാധൂകരണത്തിലേയ്ക്ക് നയിക്കാനുതകുകയും ചെയ്യുന്ന വേറിട്ട പ്രവർത്തനങ്ങളാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ലൈഫ് സ്കിൽ മോട്ടിവേഷൻ പ്രോഗ്രാമുകൾ, പരിശീലന പരിപാടികൾ, എന്നിവ കോർത്തിണക്കി ഒരു വർഷം നീളുന്ന കർമ്മ പരിപാടികൾ ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞിരിക്കുന്നു.
കരുത്ത്- 2021 ന്റെ ഉദ്ഘാടനം കാത്തിരപ്പള്ളി രൂപതാ വികാരി ജനറാൾ റവ.ഫാ.ബോബി മണ്ണംപ്ലാക്കൽ നിർവ്വഹിച്ചു. "ഡിജിറ്റൽ ജനറേഷൻ ഔവർ ജനറേഷൻ" എന്നതാണ് 2021 ലെ അന്താരാഷ്ട്ര ബാലികാ ദിനത്തിൻ്റെ പ്രമേയമെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന സമൂഹം മറ്റുള്ളവരാൽ പ്രകീർത്തിക്കപ്പെടും എന്നുമുള്ള സന്ദേശമാണ് ഉദ്ഘാടകൻ പങ്കുവച്ചത്.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡെയ്സ് മരിയ സി എം സി സ്വാഗതം ആശംസിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി ജാൻസി സഖറിയാസ് നന്ദി അർപ്പിച്ചു സംസാരിച്ചു.