പഠനച്ചെലവിന് പൊറോട്ട ഉണ്ടാക്കി മാതൃകയായ കോളജ് വിദ്യാർഥിനി അനശ്വരയ്ക്ക് ന്യായാധിപന്റെ സഹായം

എരുമേലി : കുറുവാമുഴി വായനശാല ജങ്ഷനിൽ പാതയോരത്ത് അമ്മ നടത്തുന്ന ഹോട്ടലിൽ, ദിവസവും പൊറോട്ട ഉണ്ടാക്കി കുടുംബ വരുമാനത്തിനും പഠനച്ചെലവിനുമായി പണം കണ്ടത്തി സമൂഹത്തിന് മാതൃകയായ അനശ്വരയ്ക്ക് ന്യായാധിപന്റെ സഹായം. അനശ്വരയുടെ വാർത്ത അറിഞ്ഞ സുപ്രീം കോടതിയിലെ മുൻ ജസ്റ്റീസ് കുര്യൻ ജോസഫ് അദ്ദേഹത്തിനു ലഭിച്ച പുരസ്കാരത്തുകയായ 50000 രൂപ ധനസഹായമായി നൽകി.

തിരുവനന്തപുരം ലോ ട്രസ്റ്റിസിന്റെ ജസ്റ്റിസ് വി.ആർ .കൃഷ്ണയ്യർ പുരസ്കാരം ജസ്റ്റിസ് കുര്യൻ ജോസഫിന് ഡൽഹിയിൽ സമ്മാനിച്ചിരുന്നു. പുരസ്കാരത്തുകയായ 50,000 രൂപ അനശ്വരയ്ക്കു നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. അനശ്വരയ്ക്കു പഠനത്തിനായി ലാപ്ടോപ് വാങ്ങാനാണ് ഈ തുക. ട്രസ്റ്റ് ചെയർമാൻ പി.സന്തോഷ് കുമാർ ഇന്നലെ അനശ്വരയുടെ വീട്ടിലെത്തി തുക കൈമാറി

തൊടുപുഴ അൽ അസ്ഹർ കോളജിൽ അവസാന വർഷ എൽഎൽ ബി വിദ്യാർ ഥിനിയാണ് അനശ്വര. കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ കുറുവാമൂഴി കവലയ്ക്കു സമീപം അമ്മ സുബി നടത്തുന്ന ആര്യ ഹോട്ടലിലാണ് അനശ്വര പൊറോട്ട തയാറാക്കുന്നത്.

error: Content is protected !!