കെഎഎസ് പരീക്ഷയിൽ മികച്ച റാങ്കുനേടി അറയാഞ്ഞിലിമണ്ണിന് അഭിമാനമായി രാഹുൽ എ. രാജ്

മുക്കൂട്ടുതറ : കാലവർഷം കനത്താൽ ജീവിതം താളം തെറ്റുന്ന അറയാഞ്ഞിലിമണ്ണിന് അഭിമാനമായി രാഹുൽ എ. രാജ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷയിൽ ഇരുപത്തിഒന്നാം റാങ്കുനേടി അറയാഞ്ഞിലിമണ്ണ് ഏറത്തേടത്ത് എ കെ രാജുവിന്റെയും സന്താനവല്ലിയുടെയും മകൻ രാഹുൽ രാജ്, നിശ്ചയദാർഢ്യവും, ഉറച്ച മനക്കരുത്തുണ്ടെങ്കിൽ , കഴിവ് തെളിയിക്കുവൻ പ്രതികൂല സാഹചര്യങ്ങൾ തടസ്സമല്ലെന്ന് തെളിയിച്ചു.

പാലം വെള്ളത്തിലായാൽ പഠിത്തം നിലയ്ക്കുന്ന ഗ്രാമത്തിൽ പഠനത്തിന്റെ ബലം കൊണ്ട് സർക്കാർ സർവീസിൽ രാഹുൽ നേടിയത് ഇരുപത്തിഒന്നാമത് റാങ്ക്. പരീക്ഷാ ഫലം എത്തി റാങ്ക് ലിസ്റ്റ് കണ്ട് വീട്ടുകാരും നാട്ടുകാരും സന്തോഷിക്കുമ്പോൾ സിവിൽ സർവീസിന്റെ കടമ്പ കയറാനുള്ള പരീക്ഷ എഴുതുകയായിരുന്നു ഈ റാങ്കുകാരൻ.

മൂന്ന് വശം ശബരിമല വനവും മറുവശം പമ്പാ നദിയുമായ ബസ് സർവീസ് പോലുമില്ലാത്ത അറയാഞ്ഞിലിമണ്ണ് ഗ്രാമത്തിലാണ് റാങ്കിന്റെ ഈ അഭിമാനത്തിളക്കം. കർഷക കുടുംബത്തിൽ ടാപ്പിംഗ് തൊഴിലാളിയായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയ്ക്കും അതിരുകളില്ലാത്ത സന്തോഷം കൂടിയാവുകയാണ് മകൻ രാഹുലിന്റെ റാങ്ക്. അറയാഞ്ഞിലിമണ്ണ് ഏറത്തേടത്ത് എ കെ രാജുവിന്റെയും ഭാര്യ സന്താനവല്ലിയുടെയും മകനാണ് രാഹുൽ എ രാജ് (28). കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം പരീക്ഷയുടെ സ്ട്രീമിലാണ് രാഹുൽ റാങ്ക് കരസ്ഥമാക്കിയത്. കർഷക കുടുംബത്തിലെ അധ്വാനവും കഷ്ടതകളും നിറഞ്ഞ ജീവിതത്തിൽ പഠനത്തോടൊപ്പം വിവിധ ജോലികൾ ചെയ്ത് പ്രതിസന്ധികളെ വിജയത്തിലേക്കുള്ള പടവുകളാക്കി മാറ്റി വാച്ചർ തസ്തികയിൽ നിന്നുമാണ് രാഹുൽ ഭരണ സർവീസിന്റെ റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. ഇലന്തുർ ഗവ. നഴ്സിംഗ് സ്കൂളിൽ നൈറ്റ് വാച്ചർ തസ്തികയിൽ ജോലിക്കിടെയാണ് ഭരണ സർവീസ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജ് ഓഫ്‌ എഞ്ചിനീയറിംഗിൽ നിന്ന് ബിടെക് കഴിഞ്ഞ രാഹുൽ അടൂർ ഗവ. ഐടിഐ യിൽ നിന്ന് എംബിഎ വിജയിക്കുമ്പോൾ ടെക്‌നോപാർക്കിൽ ജോലി ലഭിച്ചിരുന്നു. ബിരുദ പഠനത്തിനിടെ എഴുതിയ പി എസ് സി പരീക്ഷയിലാണ് ടെക്‌നോപാർക്കിലെ ജോലിക്കിടെ സർക്കാർ ജോലിയായി നൈറ്റ്‌ വാച്ചർ ജോലി ലഭിക്കുന്നത്. മൂന്ന് വർഷമായ ഈ ജോലിക്കിടെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയിൽ എത്തിയില്ല. കെ എ എസ് പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം എത്തുമ്പോൾ മൂന്നാം തവണ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുകയായിരുന്നു രാഹുൽ. പരാജയപ്പെട്ടു പിന്മാറാൻ തയാറാകാത്ത രാഹുലിന്റെ നിശ്ചയദാർഢ്യത്തിന്റ ഫലമാണ് ഈ വിജയം. എല്ലാ കാലാവർഷവും പമ്പാ നദി കര കവിയുന്നതോടെ ഗതാഗത മാർഗങ്ങളും സ്‌കൂളുകളും അടയുന്ന അറയാഞ്ഞിലിമണ്ണ് എന്ന കൊച്ചു ഗ്രാമത്തിൽ സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് കഠിനാധ്വാനവും പരിശ്രമം കൊണ്ടും വിജയം നേടാൻ സാധിക്കുമെന്നതിന്റെ മാതൃകയാവുകയാണ് രാഹുൽ എ രാജ്. അറയാഞ്ഞിലിമണ്ണ് സർക്കാർ എൽ പി സ്കൂളിലെ അദ്ധ്യാപിക രാഖി യാണ് സഹോദരി.

error: Content is protected !!