ശബരി റെയില്‍പാതയ്ക്ക് വേണ്ടി ജനവാസകേന്ദ്രങ്ങളിലൂടെ പുതിയ സർവേ നടത്തുന്നുവെന്ന് സംശയം, ജനങ്ങൾ പരിഭ്രാന്തിയിൽ, വ്യക്തത വരുത്തണമെന്ന് നിയമസഭയിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്ത് 16 വാർഡിലൂടെ കടന്നപോകുന്ന ആനക്കല്ല്, പൊന്മല പൊടിമറ്റം റോഡിൽ പൊന്മല ഭാഗത്ത് ശബരി റെയില്‍പാതയുടെ സർവേയ്‌ക്കായി അടയാളം വരച്ചത് പ്രദേശവാസികളുടെ പരിഭ്രാന്തരാക്കി . റോഡിൽ വലിയ വരകൾ വരച്ചാണ് സർവേയ്ക്കുള്ള പോയിന്റുകൾ അടയാളപ്പെടുത്തിയിരിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികൾ റോഡിൽ വരകൾ വരച്ചു അടയാളം വരയ്ക്കുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ എന്തിനാണ് വരയ്ക്കുന്നതെന്ന് അന്വേഷിച്ചപ്പോഴാണ് ശബരി റെയില്‍പാതയ്ക്കുവേണ്ടി അടയാളം ഇടുകയായെന്നു മനസ്സിലായത്. ഡ്രോണുകൾ ഉപയോഗിച്ച് ഏരിയൽ സർവേ നടത്തുമ്പോൾ, പോയിന്റുകൾ കാണുവാൻ വേണ്ടിയാണ് റോഡിൽ മാർക്ക് ചെയ്തിരിക്കുന്നത് എന്നാണറിയുന്നത്.

എന്നാൽ ശബരി റെയില്‍പാതയ്ക്ക് വേണ്ടി നേരത്തെ സർവേ നടത്തിയ ലൈനുകളിൽ നിന്നും വ്യത്യ്സതമായി, പുതിയ റൂട്ടിൽ കൂടി സർവേ നടത്തുന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട് . വാർത്ത അറിഞ്ഞു പ്രദേശവാസികൾ സ്ഥലത്തു പ്രതിഷേധവുമായി തടിച്ചുകൂടി.

പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം സ്ഥലത്തെത്തി മാർക്ക് ചെയ്ത സ്ഥലങ്ങളിൽ പരിശോധന നടത്തി. സ്ഥലത്തെ വില്ലേജ് ഓഫീസിലേക്കും, താലൂക്ക് ഓഫീസിലേക്കും അദ്ദേഹം ഫോൺ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചുവെങ്കിലും, ബന്ധപ്പെട്ട ഓഫിസുകളിൽ അറിയിപ്പൊന്നും കിട്ടിയിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്.

തിടനാട് , കാളകെട്ടി, പട്ടിമറ്റം, തുരുത്തിപ്പടവ് തുടങ്ങിയ സ്ഥലങ്ങളിലും റെയിൽവേ സർവേയ്ക്കായി അടയാളം വരച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, വിമല ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബീന ജോസഫ്, ജിജിമോൾ ഫിലിപ്പ് മുതലവർ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകത്തിനൊപ്പം സ്ഥലങ്ങൾ സന്ദർശിച്ചു ജനങളുടെ പരാതികൾ കേട്ടു .

ശബരി റെയില്‍പാതയ്ക്ക് വേണ്ടി നടത്തുന്ന സർവേകളിൽ വ്യക്തത വേണമെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ആവശ്യപ്പെട്ടു. 30/01/2019 ലെ 2/235/2019 നമ്പർ സർക്കാർ ഉത്തരവിലെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലല്ല നിലവിൽ ശബരി റെയിൽവേ യുടെ സർവേ നടത്തുന്നതെന്ന് അദ്ദേഹം നിയമസഭയിൽ മന്ത്രി വി അബ്ദുറഹിമാനെ അറിയിച്ചു. ആ കാര്യത്തിൽ ജില്ലാ കളക്ടറുടെയും, മറ്റ് ബന്ധപ്പെട്ട ഉദ്യാഗസ്ഥരുടെയും റിപ്പോർട്ട് അടിയന്തിരമായി ലഭ്യമാക്കി പരിശോധിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി .

നിലവിൽ അംഗീകരിച്ച റൂട്ട് മാപ്പ് അനുസരിച്ച്, കാഞ്ഞിരപ്പള്ളി താലൂക്കിൽ 87 ഹെക്ടർ സ്ഥലം പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരും. 18 വീടുകൾ നഷ്ടപ്പെടും.

1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.

നിര്‍മാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം. പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചത്.

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.

error: Content is protected !!