ചിറക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം നിർമാണം വഴിമുട്ടി

ചെറുവള്ളി ∙ കരാറുകാരനെ കാണാനില്ലെന്നു നാട്ടുകാർ. ചിറക്കടവ് പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം നിർമാണം വീണ്ടും പ്രതിസന്ധിയിൽ. കുടുംബക്ഷേമ കേന്ദ്രത്തിന്റെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി പുനർനിർമിക്കാനുള്ള നടപടി ക്രമങ്ങളെല്ലാം പൂർത്തിയായെങ്കിലും കരാറുകാരൻ എത്താതെ വന്നതു മൂലം നിർമാണം തുടങ്ങാൻ കഴിയുന്നില്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും പരാതിപ്പെടുന്നു. കെട്ടിടങ്ങൾ പൊളിച്ചതോടെ കുടുംബ ക്ഷേമ കേന്ദ്രം സമീപത്തെ നേതാജി വായനശാലയിലേക്കു മാറ്റിയിരുന്നു.

കടമ്പകളേറെ കടന്നു 

ചെറുവള്ളിയിലെ കുടുംബക്ഷേമ കേന്ദ്രം നവീകരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രമാക്കണം എന്നാവശ്യപ്പെട്ട് വാർഡംഗം ഷാജി പാമ്പൂരി 2012ൽ അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് കമ്മിറ്റി ഐക്യത്തോടെ തീരുമാനിച്ചു. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി ചിറക്കടവ് പഞ്ചായത്തിലാണ് എന്ന കാരണത്താൽ പ്രാഥമിക ആരോഗ്യകേന്ദ്രം അനുവദിച്ചില്ല. പിന്നീട് ആരോഗ്യവകുപ്പ് അനുമതി നൽകിയെങ്കിലും പദ്ധതി അധിക ബാധ്യതയാകുമെന്ന ധനവകുപ്പിന്റെ എതിർപ്പിനെത്തുടർന്നു മുടങ്ങിപ്പോയി. 

തുടർന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുൻകയ്യെടുത്ത് പദ്ധതിക്കു അനുമതി നേടിയെടുക്കുകയും ബജറ്റിൽ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതി പ്രദേശത്തെ മരങ്ങൾ മുറിച്ചു നീക്കാൻ വനംവകുപ്പിൽ നിന്നുള്ള അനുമതി ചിറക്കടവ് പഞ്ചായത്ത് ഓഫിസിൽ കുരുങ്ങി കിടന്നത് മാസങ്ങളോളം. പിന്നീട് മരങ്ങൾ ലേലം ചെയ്യുന്നതിലും കെട്ടിടം പൊളിച്ചുമാറ്റുന്നതിലും നിയമക്കുരുക്കും തടസ്സങ്ങളും തുടർന്നു. ഒടുവിൽ എല്ലാ അനുമതികളും നേടി നിർമാണം തുടങ്ങാൻ സജ്ജമായപ്പോഴാണ് കരാറുകാരൻ എത്താതെ വന്നിരിക്കുന്നത്.

യാത്ര ഒരുപാടുണ്ട്

ചിറക്കടവ് പഞ്ചായത്ത് നിവാസികൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തണമെങ്കിൽ 20 കിലോമീറ്റർ ദൂരെ ഇടയിരിക്കപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തണം. അല്ലെങ്കിൽ 10 കിലോമീറ്റർ അകലെ കാഞ്ഞിരപ്പള്ളി – ചിറക്കടവ് പഞ്ചായത്ത് അതിർത്തിയിലുള്ള കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തണം. 40 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ചിറക്കടവ് പഞ്ചായത്തിൽ പൊൻകുന്നം, ചെന്നാക്കുന്ന്, ചെറുവള്ളി, വാളക്കയം, അട്ടിക്കൽ കുടുംബക്ഷേമ കേന്ദ്രങ്ങളും പൊൻകുന്നം, വാളക്കയം, ചെറുവള്ളി, തെക്കേത്തുകവല എന്നിങ്ങനെ 4 ബേസിക് ഹെൽത്ത് സെക്‌ഷനും ഉണ്ട്.

error: Content is protected !!