ശബരിമലയിലെ കോവിഡ് പ്രതിരോധത്തിൽ‌ പാളിച്ച മാസ്ക് നിർബന്ധമാക്കണമെന്ന് ആവശ്യം

ശബരിമല: തീർഥാടകപ്രവാഹം തുടങ്ങിയതോടെ ശബരിമലയിൽ കോവിഡ് നിയന്ത്രങ്ങൾ പാളുന്നു. ആദ്യഘട്ടങ്ങളിൽ സാനിറ്റൈസർ നിറച്ച സ്റ്റാൻഡ് ഒട്ടുമിക്ക കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. ഇപ്പോൾ അവയൊന്നും ലഭ്യമല്ലാത്ത സ്ഥിതിയാണ്. ഇതോടൊപ്പം പ്രതിസന്ധിയുണ്ടാക്കുന്നതാണ് സ്വാമിമാർ കൂട്ടമായി മാസ്ക് ധരിക്കാതെയെത്തുന്നത്.

വരുന്ന ഭക്തർ സ്വന്തം നിയന്ത്രണത്തിൽ കാര്യങ്ങൾ ചെയ്യണമെന്ന അൗൺസ്‌മെന്റ് മാത്രമാണ് കേൾക്കുന്നതെന്നും അതനുസരിച്ചുള്ള തുടർനടപടികൾ സന്നിധാനത്തില്ലായെന്നും ഭക്തരും പറയുന്നു.സന്നിധാനത്ത് ഏറ്റവുംവലിയ കൂടിച്ചേരലുണ്ടാകുന്ന ശ്രീകോവിലിനുമുന്നിലാണ് ഇത് കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഭൂരിഭാഗം സ്വാമിമാരും മാസ്ക് ഉപേക്ഷിച്ചമട്ടിലാണ്.

ഭക്ഷണശാലകളിലും പ്രസാദവിതരണകേന്ദ്രത്തിലുമെല്ലാം കൂട്ടംകുടുന്നുണ്ട്. അവിടെയൊന്നും, വരുന്നവർക്കായി സാനിറ്റൈസറോ മറ്റ് സുരക്ഷാക്രമീകരണങ്ങളോ ഇല്ലാത്ത സ്ഥിതിയാണ്.കഴിഞ്ഞദിവസം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ കച്ചവടസ്ഥാപനങ്ങളിൽ ജോലിചെയ്ത തൊഴിലാളികൾക്കെതിരേ നടപടിയെടുത്തിരുന്നു. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ.ഗോപിനാഥിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ.ഹരീഷിന്റെയും നേതൃത്വത്തിൽ മരക്കൂട്ടം, ചരൽമേട്, സന്നിധാനം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് 25 പേർക്കെതിരേ നടപടിയെടുത്തത്.

error: Content is protected !!