ശുചിമുറി പോലുമില്ലാതെ ഓരുങ്കൽ കടവ്
എരുമേലി∙ ശബരിമല തീർഥാടകരുടെ തിരക്ക് വർധിച്ചിരിക്കെ, ഓരുങ്കൽ കടവിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഭക്തർ വലയുന്നു. പ്രളയത്തിൽ തകർന്ന വഴിയിടം വിശ്രമകേന്ദ്രം പുനർനിർമിച്ചില്ല. തീർഥാടകർ പ്രാഥമിക സൗകര്യങ്ങൾ നടത്താനാവാതെ വലയുന്നു.എരുമേലി പേട്ട തുള്ളലിനു ശേഷം തീർഥാടകർ കുളിക്കാനും തുണി നനയ്ക്കാനും എത്തുന്നത് ഓരുങ്കൽ, കൊരട്ടി കടവുകളിലാണ്.
കഴിഞ്ഞ ദിവസം കൊരട്ടിയിൽ കുളിക്കാനെത്തിയ തീർഥാടകരെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി പൊലീസ് തിരിച്ചയച്ചിരുന്നു.ഓരുങ്കൽ കടവിൽ മുൻവർഷങ്ങളിൽ ഡിടിപിസിയുടെ ശുചിമുറി യൂണിറ്റുകൾ ഉണ്ടായിരുന്നു. ഇതു പിന്നീട് പരിഷ്കരിച്ച് വഴിയിടം നിർമിക്കുകയായിരുന്നു. 20 യൂണിറ്റുകളാണ് ഇവിടെയുള്ളത്.എന്നാൽ ഒക്ടോബറിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് വഴിയിടം ഏതാണ്ടു പൂർണമായി തകർന്നു. ഇതോടെ തീർഥാടകർക്കു ശുചിമുറി യൂണിറ്റുകൾ ഉപയോഗിക്കാൻ കഴിയുന്നില്ല. വർഷങ്ങളായി ഇവിടെ എത്തുന്ന തീർഥാടകർ സ്ഥലത്തെത്തുമ്പോഴാണു ശുചിമുറികൾ ഇല്ലെന്ന കാര്യം അറിയുന്നത്.
ആറ്റുതീരത്തും മറ്റും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നു. ഇതു പരിസരവാസികളെ ബുദ്ധിമുട്ടിക്കുന്നു. സ്വകാര്യ വ്യക്തികളുടെ ശുചിമുറികൾ ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല. ഇവ വാടകയ്ക്ക് എടുത്തു തീർഥാടകർക്കു താൽക്കാലിക സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടിയെ വിവരം അറിയിച്ചു. വിഷയം ഇന്നു കലക്ടറുടെ ശ്രദ്ധയിൽപെടുത്തുമെന്നു പ്രസിഡന്റ് പറഞ്ഞു.