ഒാട്ടത്തിൽ നേട്ടമില്ലാതെ ഒാട്ടോക്കാർ…
സ്റ്റാന്റുകളിൽ ഒരു ഒാട്ടോ പോലുമില്ലാതെ യാത്രക്കാർ കാത്തുനിന്നിരുന്ന സമയമുണ്ടായിരുന്നു. എന്നാൽ ഇന്ന് യാത്രക്കാരെ തേടി നടക്കേണ്ട അവസ്ഥ. കോവിഡിന് മുൻപ് ഒരുദിവസം ആയിരം രൂപയ്ക്ക് ഓടിയാൽ 300 രൂപ ഡീസൽക്കൂലിക്കുശേഷം ദിവസം 700 രൂപയെങ്കിലും ലഭിക്കുമായിരുന്നു. ഇപ്പോൾ ഇന്ധനച്ചെലവ് അഞ്ഞൂറ് രൂപയിലെത്തി. ബാക്കി അഞ്ഞൂറ് രൂപയാണ് മിച്ചം. അതും ആയിരം രൂപയ്ക്ക് ഓടിയാൽ മാത്രം. അത് അപൂർവദിവസം മാത്രം.
ഒാട്ടം കുറഞ്ഞതിന് കാരണങ്ങൾ
• *പ്രധാന യാത്രക്കാരായിരുന്നു സ്ത്രീകളും കുട്ടികളും. അവർ എല്ലാവരുംതന്നെ ഇരുചക്രവാഹനത്തിലായി യാത്ര. കോവിഡ് കാലത്ത് നിരവധി സ്ത്രീകൾ ഡ്രൈവിങ് ലൈസൻസ് എടുത്തു. ഇതോടെ ഓട്ടോറിക്ഷകളുടെ ഓട്ടവും കുറഞ്ഞു.
• * വിദ്യാർഥികളുടെ സ്കൂൾ യാത്ര കുറഞ്ഞു. സ്കൂളുകൾ തുറന്നിട്ടും കാര്യമായ പ്രതികരണമില്ല. ചെറിയകുട്ടികൾ മിക്കവരും ഇപ്പോൾ വീട്ടിൽത്തന്നെ. സ്കൂൾ ഒാട്ടത്തിൽ മാസത്തിൽ ഒന്നിച്ച് ലഭിക്കുന്ന തുകയ്ക്ക് വാഹനത്തിന്റെ സി.സി. അടച്ചിരുന്ന ഓട്ടോഡ്രൈവർമാരുമുണ്ടാരുന്നു. സി.സി. മുടങ്ങി ഏതുസമയവും വായ്പനൽകിയവർ പിടിച്ചെടുക്കാമെന്ന അവസ്ഥയിലാണ്.
• * മുൻപ് പുറത്തേക്കിറങ്ങിയാൽ ഒട്ടോറിക്ഷയിൽ കറങ്ങിയിരുന്നവർ ഇന്ന് പണം ലാഭിക്കുന്നതിനായി നടക്കാൻ തുടങ്ങി. വെയിൽ ആയതോടെ പുറത്തേക്കുള്ള ഇറക്കവും കുറച്ചു.
• * സ്റ്റാൻഡിൽ കിടക്കാതെ ടൗണിലൂടെ തുടർച്ചയായി ഒാടി യാത്രക്കാരെ കണ്ടെത്തുന്ന രീതിയും ഇല്ലാതായി. യാത്രികരെ കിട്ടിയില്ലങ്കിൽ പാഴ്‌ച്ചെലവാകും.