കരിക്കാണ് പിടിവള്ളി
കോട്ടയത്തെ കരിക്ക് കച്ചവടം | ഫോട്ടോ: ഇ.വി.രാഗേഷ്
: തേങ്ങ വിലയിടിഞ്ഞതോടെ കഷ്ടത്തിലായ കേരകർഷകരുടെ കണ്ണീരിന് കരിക്കിന് ഇപ്പോൾ ലഭിക്കുന്ന ഉയർന്നവില ഒരുപരിധിവരെയെങ്കിലും ആശ്വാസമാകും. ഇപ്പോൾ കർഷകരിൽ പലരും കരിക്കായിത്തന്നെ വിൽക്കാനുള്ള ശ്രമത്തിലാണ്.
തേങ്ങയിൽ ആശങ്ക
തേങ്ങ വിലയിടിഞ്ഞതിനാൽ കർഷകരും മൊത്ത വിതരണക്കാരും ആശങ്കയിലാണ്. കിലോഗ്രാമിന് 35 രൂപയാണ് ജില്ലയിലെ പ്രധാന മൊത്തവിതരണ കേന്ദ്രങ്ങളിലെ വില. ഇത് പ്രാദേശിക വില്പനകേന്ദ്രങ്ങളിലെത്തുമ്പോൾ അഞ്ചുരൂപവരെ വർധിക്കുമെങ്കിലും സാധാരണ കർഷകന് ഇതിൽ കാര്യമായ ലാഭം കിട്ടുന്നില്ല. വെളിച്ചെണ്ണ എടുക്കാൻ ശ്രമിച്ചാലും കൂലിച്ചെലവും അധ്വാനവും കാരണം അതിന് മുതിരാൻ കഴിയില്ല. നല്ല മഴ ലഭിച്ചതും ഉത്പാദനം കൂടിയതുമാണ് തേങ്ങവിലയിടിയാൻ കാരണം. അന്യസംസ്ഥാനത്തുനിന്ന് തേങ്ങ ധാരാളമായെത്തുന്നതും കാരണമാണ്.
കരിക്കിൽ തിളക്കം
നിലവിൽ കരിക്കിന്റെ വിലമാത്രമാണ് കർഷകർക്ക് ആശ്വാസമായുള്ളത്. കഴിഞ്ഞ നവംബറിൽ കോട്ടയം നഗരത്തിൽ കരിക്കിന്റെ വില അൻപതുരൂപയിലെത്തിയിരുന്നു. ഇപ്പോഴും വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ആദ്യം നാടൻകരിക്കിന് മാത്രമാണ് വില അമ്പതിലെത്തിയതെങ്കിൽ ഒരു മാസത്തിനുള്ളിൽ അന്യസംസ്ഥാന കരിക്കിന്റെ വിലയും അൻപതിലെത്തി. മഴയൊഴിഞ്ഞ് വെയിലുറച്ചതോടെയാണ് കരിക്കുവിപണി വീണ്ടും തിളക്കത്തിലായത്.
തേങ്ങവില താഴേക്ക്
തേങ്ങവില വല്ലാതെ ഇടിഞ്ഞു. രണ്ടുമാസം മുമ്പ് 42 രൂപ വിലയുണ്ടായിരുന്നിടത്തുനിന്നാണ് ഇപ്പോൾവില 35-രൂപയിലേക്കെത്തിയത്. വിലയിടിഞ്ഞിട്ടും ആവശ്യക്കാർ കുറവാണെന്ന് കോട്ടയത്തെ തേങ്ങാ വ്യാപാരി ടി.എൻ.രാജേഷ് പറയുന്നു. വില്പന കുറയുന്നതിനാൽ സ്റ്റോക്കെടുക്കുന്നത് വല്ലപ്പോഴുമാക്കിയെന്ന് പറയുന്നു കളത്തിപ്പടിയിലെ ചെറുകിടകച്ചവടക്കാരനായ മാരിയപ്പൻ .