ഇവിടെ കാറ്റും അനുകൂലം; എരുമേലി വിമാനത്താവളം യാഥാർഥ്യമായാൽ
വിമാനത്താവളം വരുന്നതു കോട്ടയം ജില്ലയിലാണെങ്കിലും ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലയിൽ ഉള്ളവർക്കും പ്രയോജനപ്പെടും. കൂടുതൽ വിദേശ മലയാളികൾ ഉള്ള മേഖല എന്ന നിലയിലാവും വിമാനത്താവളം ശ്രദ്ധ നേടുക. ഗൾഫ് മേഖലയെ അപേക്ഷിച്ച് മറ്റു വിദേശ രാജ്യങ്ങളിൽ ഉള്ളവരാണ് ഈ പ്രദേശങ്ങളിൽ കുടുതൽ.
യൂറോപ്പ്, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളവർ ഒട്ടേറെ. നിലവിൽ നെടുമ്പാശേരി വിമാനത്താവളത്തെ ആശ്രയിച്ചാണ് ഇവരുടെ യാത്ര. എംസി റോഡിലെ കുരുക്ക് പലപ്പോഴും യാത്രക്കാരെ വെട്ടിലാക്കുന്നു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ അപകടങ്ങളും ഒട്ടേറെ. രാത്രി യാത്രകളാണു പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്നത്. പുതിയ വിമാനത്താവളം യാഥാർഥ്യമായാൽ ഇതിനെല്ലാം മാറ്റം വരുമെന്നു പ്രതീക്ഷ.
ഒത്തുപിടിച്ചാൽ 5 മുതൽ 8 വർഷം കൊണ്ടു വിമാനത്താവളം നിർമിക്കാം. ആറാം വർഷം നെടുമ്പാശേരിയിൽ വിമാനം ഇറങ്ങി. കണ്ണൂരിൽ 20 വർഷം വേണ്ടി വന്നു. എരുമേലി വിമാനത്താവളത്തെ കാത്തിരിക്കുന്ന നടപടി ക്രമങ്ങൾ ഏറെ. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്. ഭൂമി കൈമാറ്റത്തിനു മുന്നോടിയായി സാമൂഹിക പഠനം ഭൂമി സർവേ ഭൂമി കൈമാറ്റം നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തൽ പരിസ്ഥിതി വകുപ്പിന്റെ അനുമതി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വിമാനത്താവളം നിർമാണം സാങ്കേതിക തലത്തിലെ വിവിധ അനുമതികൾ
വിമാനത്താവളം ആരംഭിക്കണമെങ്കിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കണം. ആവശ്യകതയും അതിനായി കണ്ടെത്തിയ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു നിർദേശം സമർപ്പിക്കണം. മറ്റു കേന്ദ്ര മന്ത്രാലയങ്ങളുമായി ചർച്ച നടത്തിയ ശേഷം വ്യോമയാന മന്ത്രാലയം അനുമതി നൽകും.
സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കണം. വിശദമായ പ്രോജക്‌ട് റിപ്പോർട്ടും (ഡിപിആർ) മാസ്റ്റർ പ്ലാനും തയാറാക്കണം. നിർമാണത്തിനു തുക നിശ്ചയിക്കുന്നത്, വിമാനത്താവളത്തിന്റെ പ്രായോഗിക ഗുണവും തുടർന്നുണ്ടാകാൻ സാധ്യതയുള്ള ലാഭനഷ്ടങ്ങളും പരിഗണിച്ചാണ്. പ്രോജക്‌ട് റിപ്പോർട്ടിലെ ഏറ്റവും പ്രാധാന്യമേറിയ തീരുമാനം റൺവേ ഏതു ദിശയിലേക്കാണു നിർമിക്കേണ്ടത് എന്നതാണ്. കാറ്റിന്റെ ഗതി, ഭൂപ്രകൃതി, മറ്റ് തടസ്സങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് ഇതു തീരുമാനിക്കുന്നത്.
മാർക്കറ്റ് സർവേ നടത്തി വിമാനത്താവളം ഉപയോഗിക്കാൻ സാധ്യതയുള്ള യാത്രക്കാരുടെ എണ്ണം, അവരുടെ യാത്രാസ്ഥലങ്ങൾ, കാർഗോ എന്നിവ മനസ്സിലാക്കണം. ഇതു കണക്കിലെടുത്താണ് ഏതു തരത്തിലുള്ള വിമാനങ്ങളാണ് എത്തുക എന്നതു നിശ്ചയിക്കുന്നത്. അത്തരം വിമാനങ്ങളുടെ ഭാരമാണു റൺവേയുടെ നീളം എത്ര വേണമെന്നു തീരുമാനിക്കുന്ന സുപ്രധാന ഘടകം.
അതിനു ശേഷം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നേടണം. തുടർന്നു ടെൻഡർ വിളിക്കുമ്പോൾ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു ഏജൻസിയെയും അവ സൂപ്പർവൈസ് ചെയ്യുന്നതിനായി മറ്റൊരു ഏജൻസിയെയും നിയമിക്കുകയാണു ചെയ്യുന്നത്. നിർമാണം പൂർത്തീകരിച്ച ശേഷം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് ഏറോഡ്രോം ലൈസൻസ് ലഭിക്കണം. ഇതു കൂടാതെ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതിയും പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമാണ്.
2262 ഏക്കറിൽ വിശാലമായ ചെറുവള്ളി എസ്റ്റേറ്റ് കേരളത്തിനു മുന്നിൽ വയ്ക്കുന്നതു പുതിയ വികസന സാധ്യത. രാജ്യാന്തര വിമാനത്താവള നിർമാണത്തിന് 1000 ഏക്കർ സ്ഥലം മതിയെന്നാണു പ്രാഥമിക പഠനത്തിൽ പറയുന്നത്. ബാക്കി സ്ഥലവും വിമാനത്താവള അനുബന്ധ വികസനത്തിനു സഹായമാകും.
ഒരു ലക്ഷത്തോളം ടാപ്പ് ചെയ്യുന്ന റബർ മരങ്ങളാണ് ഇപ്പോൾ ചെറുവള്ളി എസ്റ്റേറ്റിൽ ഉള്ളത്. വിമാനത്താവള നിർമാണത്തിന് അനുയോജ്യം എന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ കൈതച്ചക്ക കൃഷിയാണു കൂടുതൽ. ചെറു കുന്നുകൾ മാത്രമുള്ള പ്രദേശം റബർ കൃഷിക്ക് ഏറ്റവും അനുയോജ്യം എന്ന നിലയിലാണ് പ്ലാന്റേഷൻ മേഖലയാക്കി വിദേശികൾ മാറ്റിയെടുത്തത്.
എരുമേലി മേഖലയിൽ മറ്റെല്ലാ സ്ഥലങ്ങളും കുത്തനെയുള്ള കയറ്റവും വലിയ കുന്നുകളും ഉൾപ്പെടുന്നവയാണ്. പ്രദേശത്തെ സമതല പ്രദേശം എന്നു പോലും ചെറുവള്ളി എസ്റ്റേറ്റ് മേഖലയെ വിളിക്കാം. ഇതുകൊണ്ടു തന്നെ സ്ഥലം ഒരുക്കൽ അത്ര ശ്രമകരമാകില്ല എന്നാണു പഠനം. കാറ്റിന്റെ ഗതിയും ഏറ്റവും അനുകൂലമായ പ്രദേശമാണ് ഇതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
പരിസ്ഥിതി അനുമതി ഇനി പ്രധാന കടമ്പ
കോട്ടയം ∙ എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതോടെ ശബരിമല വിമാനത്താവളം പദ്ധതിയുടെ പ്രധാന തടസ്സം നീങ്ങും. എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച ആശയക്കുഴപ്പം മൂലം ഭൂമി ഏറ്റെടുക്കൽ നീളുകയായിരുന്നു. ഭൂമി ലഭിക്കാത്തതിനാൽ തുടർപ്രവർത്തനങ്ങളായ പദ്ധതി റിപ്പോർട്ട്, പരിസ്ഥിതി ആഘാത പഠനം എന്നിവയും തുടങ്ങാനായില്ല. വനം പരിസ്ഥിതി മന്ത്രാലയം അടക്കം വിവിധ വകുപ്പുകളിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ പോലും നൽകാനായില്ല. 2262 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റിലെ 1000 ഏക്കറാണ് വിമാനത്താവളത്തിനു വേണ്ടത്. സർവേ നടത്തി ഭൂമി അളന്നു തിരിക്കുന്നതോടെ ഭൂമി കൈമാറ്റത്തിനുള്ള നടപടികൾ ആരംഭിക്കും. തുടർന്ന് മണ്ണുപരിശോധന, സർവേ നടപടികൾ തുടങ്ങിയവ.
എരുമേലി–പത്തനംതിട്ട സംസ്ഥാന പാതയിൽ, എരുമേലിയിൽനിന്നു 3 കിലോമീറ്റർ അകലെയാണു ചെറുവള്ളി എസ്റ്റേറ്റ്. ജനവാസം കാര്യമായി ഇല്ലാത്തതിനാൽ കുടിയൊഴിപ്പിക്കൽ പോലുള്ള നടപടികളും പ്രതിസന്ധി സൃഷ്ടിക്കാനിടയില്ല. ഇതേസമയം പരിസ്ഥിതി അനുമതി പ്രധാന കടമ്പയാകും. മൊട്ടക്കുന്നുകൾ നിറഞ്ഞ ഭൂപ്രകൃതി ആയതിനാൽ നിർമാണ പ്രവർത്തനങ്ങളും വൈകില്ല. വിമാനത്താളത്തിനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. നെടുമ്പാശേരി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ കമ്പനി രൂപീകരിച്ചായിരിക്കും പ്രവർത്തനം.
3 കോടി ശബരിമല തീർഥാടകർ; 5 ലക്ഷം പ്രവാസികൾ
42 രാജ്യങ്ങളിൽ നിന്നായി വർഷം 3 കോടി തീർഥാടകരാണ് ശബരിമലയിൽ എത്തുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാരായ 5 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ പ്രവാസികളായുണ്ട്. മൂന്നാർ, തേക്കടി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലേക്കു ധാരാളം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളും എത്തുന്നുണ്ട്. ഇവർക്കെല്ലാം പദ്ധതി പ്രയോജനപ്പെടും. നേരത്തേ നെടുമ്പാശേരിയുടെ ഫീഡർ വിമാനത്താവളം എന്ന നിലയിലാണു വിഭാവനം ചെയ്തതെങ്കിലും പിന്നീട് മാറ്റി. തുടക്കത്തിലേ രാജ്യാന്തര വിമാനത്താവളമായി നിർമിക്കാനാണ് തീരുമാനം. 4.8 കിലോമീറ്റർ നീളത്തിലാണ് റൺവേ. നെടുമ്പാശേരി, മധുര, തിരുവനന്തപുരം എന്നിവയാണു സമീപത്തെ മറ്റു വിമാനത്താവളങ്ങൾ.