വരണ്ടുണങ്ങി പെരുന്തേനരുവി, അനാഥാവസ്ഥയിൽ ടൂറിസം പദ്ധതി; നിരാശയുടെ വെള്ളച്ചാട്ടം

വെച്ചൂച്ചിറ∙ പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കു നിരാശ മാത്രം ഫലം. വരണ്ടുണങ്ങി കിടക്കുന്ന അരുവിയാണു വിനോദ സഞ്ചാരികളെ ഇപ്പോൾ സ്വാഗതം ചെയ്യുന്നത്. ഉന്നതതല യോഗത്തിൽ കെഎസ്ഇബി നൽകിയ ഉറപ്പ് പാലിക്കാത്തതാണു സഞ്ചാരികൾക്കു വിനയായിരിക്കുന്നത്. പമ്പാനദിയുടെ മധ്യത്തിലെ വെള്ളച്ചാട്ടമാണു പെരുന്തേനരുവി. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വരദാനം. വെളുത്ത മുത്തുമണികൾ പോലെ ജലകണികകൾ പാറയിടുക്കുകളിൽ‌ തട്ടിച്ചിതറുന്നതാണ് ഇവിടുത്തെ ആകർഷണം. പാറപ്പുറത്തിരുന്നും നിന്നും അരുവിയെ എത്ര കണ്ടാലും മതിവരില്ല. ആകർഷണവും കൗതുകവും തോന്നി അരുവിയിൽ ഇറങ്ങരുതെന്നു മാത്രം.

∙കെഎസ്ഇബി എതിർത്തു

ഇ.ചന്ദ്രശേഖരൻ നായർ ടൂറിസം മന്ത്രിയായിരുന്നപ്പോഴാണു പെരുന്തേനരുവി ടൂറിസം പദ്ധതിക്ക് ആദ്യമായി 12.5 ലക്ഷം രൂപ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായിരുന്നു തീരുമാനം. ഇതിനെ കെഎസ്ഇബിയുടെ സിവിൽ വിഭാഗം എതിർത്തിരുന്നു. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി യാഥാർഥ്യമാകുമ്പോൾ ടൂറിസം പദ്ധതി അന്യമാകുമെന്നായിരുന്നു അവരുടെ നിലപാട്. തർക്കങ്ങൾ നീണ്ടപ്പോൾ എംഎൽഎയായിരുന്ന രാജു ഏബ്രഹാമിന്റെ നിർദേശ പ്രകാരം ടൂറിസം മന്ത്രി ഇടപെട്ടു. ടൂറിസം, വൈദ്യുതി, കെഎസ്ഇബി എന്നീ വിഭാഗങ്ങളുടെ ഉന്നതതല യോഗം ചേർന്നു. ഇരുപദ്ധതികളും നാടിനാവശ്യമായതിനാൽ ഒന്നിച്ചു നടപ്പാക്കാനായിരുന്നു തീരുമാനം. വരൾച്ചക്കാലത്തു ജലവൈദ്യുതി പദ്ധതിയുടെ തടയണ തുറന്നു വിട്ട് നീരൊഴുക്കു നിലനിർത്താനും തീരുമാനമെടുത്തിരുന്നു.

∙പദ്ധതി വില്ലനായി‌

നാവീണാരുവിയിലെ പാറക്കൂട്ടങ്ങൾ പൊട്ടിച്ചു നീക്കിയാണു ജലവൈദ്യുതി പദ്ധതിക്കായി പമ്പാനദിയിലെ ഇടത്തിക്കാവിൽ തടയണ പണിതത്. 6 മീറ്റർ ഉയരത്തിൽ തടയണ പണിതതോടെ, വേനൽക്കാലത്തു താഴേക്കുള്ള നീരൊഴുക്കു നിലച്ചു. തടയണയിൽ നിന്ന് കനാലിലൂടെയാണു പവർഹൗസിൽ വെള്ളമെത്തിച്ചു വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. അരുവിക്കു 100 മീറ്റർ‌ താഴെയാണ് പവർഹൗസിൽ നിന്നുള്ള വെള്ളം വീണ്ടും ആറ്റിലേക്ക് ഒഴുക്കുന്നത്. 600 മീറ്റർ‌ ദൂരത്താണ് നീരൊഴുക്ക് കുറഞ്ഞത്.

മഴക്കാലത്ത്  ജലസമൃദ്ധം; വേനലെത്തിയാൽ കണ്ണീർച്ചാൽ

മഴ പെയ്യുമ്പോൾ അരുവി നിറഞ്ഞൊഴുകും. സഞ്ചാരികൾ ഇതു കണ്ടു മനം നിറഞ്ഞു മടങ്ങും. അതേ സ്മരണയിൽ വേനലിൽ എത്തുമ്പോൾ അരുവിയിലുള്ളത് നൂലുപോലുള്ള ഒഴുക്കു മാത്രം. മുൻപ് ഉന്നതതല യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കാതെ ഇതിനു പരിഹാരം കാണാനാകില്ല. തടയണ തുറന്നു വിട്ടു വെള്ളം ഒഴുക്കിയില്ലെങ്കിൽ  കോടികൾ ചെലവഴിച്ച പണിത ടൂറിസം പദ്ധതി വെറുതേയാകും.  കൺവൻഷൻ സെന്റർ, കോട്ടേജുകൾ, മുറികൾ, ശുചിമുറികൾ, റസ്റ്ററന്റ്, പാർക്കിങ് ഗ്രൗണ്ട്, കുട്ടികളുടെ പാർക്ക്, അരുവിയിലേക്കിറങ്ങാൻ പടിക്കെട്ടുകളും റാംപും, ശുദ്ധജലം എന്നിവയാണ് ടൂറിസം പദ്ധതിയിലുള്ളത്. 

വേനൽക്കാലത്ത് അരുവിയിലെ പാറയിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു ഗോവണിയിലൂടെ താഴെയിറങ്ങി ആറിന്റെ തീരത്തു കൂടി നടക്കാമായിരുന്നു. ഇതിനായി പൂട്ടുകട്ട പാകിയ നടപ്പാത പരുവ അമ്പലക്കടവ് വരെ പണിതിരുന്നു. പ്രളയത്തിൽ തകർന്ന നടപ്പാത ഇതുവരെ പുനർ നിർമിച്ചിട്ടില്ല.  അരുവിക്കു താഴെയുള്ള തുരുത്തുകളിൽ എത്താനും മാർഗമില്ല. വീണ്ടും ഉന്നതതല യോഗം വിളിച്ചുകൂട്ടി  ജലക്ഷാമത്തിനു പരിഹാരം കാണാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയാറാകണം. ജനപ്രതിനിധികളും ഇതിനായി  മുന്നിട്ടിറങ്ങിയാൽ മാത്രമേ വർഷം മുഴുവനും പെരുന്തേനരുവിയിൽ വെള്ളമുണ്ടാകൂ. സഞ്ചാരികളും.

error: Content is protected !!