ശബരിക്ക് 100 കോടി: വീണ്ടും പ്രതീക്ഷയുടെ പാളത്തിൽ
കാത്തിരിപ്പിനൊടുവിൽ ശബരി റെയിൽ പദ്ധതിക്ക് പുതുജീവൻ ലഭിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് കിഴക്കൻ മലയോര മേഖല. 100 കോടി രൂപ പദ്ധതിക്കായി കേന്ദ്രസർക്കാർ നീക്കിെവച്ച സാഹചര്യത്തിൽ തുല്യമായ തുക സംസ്ഥാന സർക്കാരും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ സ്ഥലമെടുപ്പ് പുനരാരംഭിക്കാനാവും. പെരുമ്പാവൂർ വരെയുള്ള സ്ഥലമെടുപ്പും നിർമാണവും ഈ തുക കൊണ്ട് സാധിക്കും.
നിർമാണം തുടങ്ങണം, കിട്ടിയത് നഷ്ടമാകാതെ നോക്കണം
: നിർമാണ പ്രവർത്തനം തുടങ്ങിയാൽ തുടർന്നും പണം ലഭിക്കും. കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് 2.41 ലക്ഷം കോടി രൂപ നീക്കി െവച്ചിരിക്കുന്നതിനാൽ ഈ പ്രതീക്ഷയ്ക്ക് അർത്ഥമുണ്ട്. പദ്ധതിക്കാവശ്യമായ 4500 കോടിയുമായി താരതമ്യപ്പെടുത്തുമ്പോൾ 100 കോടി നന്നേ ചെറിയ തുകയാണെങ്കിലും, ഇല്ലാതായേക്കുമെന്നു കരുതിയ പദ്ധതി പ്രതീക്ഷയുടെ പാളത്തിൽ തിരിച്ചെത്തി എന്നതുതന്നെ പ്രധാനം. എന്നാൽ, തീർത്ഥാടന പാതകളിലോ, പ്രധാനമന്ത്രിയുടെ പ്രത്യേക പ്രഖ്യാപനങ്ങളിലോ ഒന്നും ശബരി ഇടം പിടിച്ചില്ല.
പദ്ധതി സജീവ പരിഗണനയിൽ ഉണ്ടായിരുന്ന 2000 – 2010 കാലഘട്ടത്തിൽ എല്ലാ ബജറ്റുകളിലും പണം അനുവദിച്ചിരുന്നു.
എന്നാൽ, അതിൽ നല്ലൊരു ശതമാനം ചെന്നൈ റെയിൽ വിഭാഗം വകമാറ്റുകയാണ് ചെയ്തിരുന്നത്. ഇക്കുറി അത്തരത്തിൽ പണം നഷ്ടപ്പെടുത്താതിരിക്കുക എന്നത് ഏറെ പ്രധാനമാണ്.
ഓഫീസുകൾ പുനരാരംഭിക്കണം
: 2011-13-ൽ നിർത്തിപ്പോയ ശബരി ഓഫീസുകൾ ഉടൻ പുനരാരംഭിക്കേണ്ടതുണ്ട്. മൂവാറ്റുപുഴയിലുണ്ടായിരുന്ന എക്സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയം നിർത്തിയിട്ട് പത്ത് വർഷമായി.
ശബരി പദ്ധതിക്കു മാത്രമായി ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ കാര്യാലയം തുറക്കണം. സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാക്കാനുള്ള റവന്യു സംവിധാനങ്ങൾ സംസ്ഥാന സർക്കാരും കൊണ്ടുവരണം.
സ്ഥലം നൽകിയവർക്കും ആശ്വാസം
: കഷ്ടപ്പാടുകൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് പദ്ധതിക്കായി സ്ഥലം നൽകിയവർ. സ്ഥലം അളന്ന് കല്ലിട്ടുപോയതോടെ സ്ഥലം വിൽക്കാനോ പണയം െവക്കാനോ കഴിയാത്ത സ്ഥിതിയായി. കാലടി മുതൽ വീടുകളുണ്ട് ഇത്തരത്തിൽ. മൂവാറ്റുപുഴയിലും പെരുമ്പാവൂരുമാണ് ഏറ്റവുമധികം. പദ്ധതിയെ അനുകൂലിച്ച് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായവരാണിവർ.