ബജറ്റിൽ കോട്ടയത്തിന് ആഘോഷിക്കാൻ അധികമില്ല
കോട്ടയത്തിന് ബജറ്റിൽ എടുത്തുപറയാവുന്ന വൻകിട പദ്ധതികളില്ല. റബ്ബർ കർഷകർക്ക് പുതുതായി ഒന്നുമില്ല. എന്നാൽ, ജില്ല നേരിടുന്ന ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമമുണ്ട്.
റബ്ബർ വിലസ്ഥിരതാപദ്ധതിയിൽ 100 കോടി രൂപ കൂടുതലായി വകയിരുത്തിയത് കർഷകർക്ക് ഒട്ടും ആശ്വാസം പകരുന്നതല്ല. റബ്ബർ പാർക്കിന് 20 കോടിയും എരുമേലി മാസ്റ്റർ പ്ലാനിന് 10 കോടിയും വകയിരുത്തിയത് എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. മെഡിക്കൽ കോളേജിനുമുന്നിൽ ആർപ്പൂക്കര-അമ്മഞ്ചേരി റോഡിൽ ഭൂഗർഭ പാതയും പുതിയ കാര്യമാണ്.
ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക നിവാരണത്തിന് 37 കോടിയും പാലാ അരുണാപുരത്ത് ചെറുഡാമും ആർ.സി.ബി.യും നിർമിക്കുന്ന മീനച്ചിൽ പദ്ധതിക്ക് മൂന്ന് കോടിയും അനുവദിച്ചത് വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് ആശ്വാസം പകരും.
വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് തടയുന്നതിന് 50.85 കോടി രൂപ ഉൾപ്പെടുത്തിയത് മുണ്ടക്കയം കോരൂത്തോട് പ്രദേശവാസികൾക്ക് ആശ്വാസമാകും.
ടൂറിസം മേഖലയ്ക്ക് കുതിപ്പ് നൽകുന്ന എക്സ്പീര്യൻഷ്യൽ വിനോദ സഞ്ചാര പദ്ധതിയും ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് 9.5 കോടി ഉൾപ്പെടുത്തിയതിന്റെ നേട്ടവും കുമരകത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കാം.
എരുമേലി വിമാനത്താവളത്തിന്റെ തുടർനടപടികൾക്ക് നാമമാത്രമായ തുകയാണ് അനുവദിച്ചത്. പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളെ പാടേ അവഗണിച്ചുവെന്ന വിമർശനവുമുണ്ട്.
പാലാ, കോട്ടയം, കടുത്തുരുത്തി മണ്ഡലങ്ങൾക്ക് ബജറ്റിൽ കാര്യമായ തുക ഉൾപ്പെടുത്തിയിട്ടില്ലെന്ന് എം.എൽ.എ. മാർ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.
പാലാ മണ്ഡലത്തിന് എട്ടുകോടിയും കോട്ടയത്തിന് 1.4 കോടിയുമാണ് അനുവദിച്ചത്. പല പദ്ധതികൾക്കും ടോക്കൺ തുക മാത്രമാണ് വകയിരുത്തിയിരിക്കുന്നത്.