വന്യമൃഗത്തിന്റെ കടിയേറ്റു; … രക്ഷപെട്ട വളർത്തുനായ ചികിത്സയിൽ
എരുമേലി: കാണാതായ വളർത്തുനായയെ മുറിവേറ്റനിലയിൽ കണ്ടെത്തി. നായയ്ക്ക് ചികിത്സ നൽകി ഉടമ മാതൃകയായി. മൂലക്കയം ഭാഗത്ത് തോനിനിയാംകുഴി അരുണിന്റെ വളർത്തു നായയെയാണ് കാണാതായത്. പമ്പയാറ്റിൽ തങ്ങിക്കിടന്ന മരത്തിലാണ് മുറിവേറ്റ നിലയിൽ നായയെ കണ്ടെത്തിയത് . വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. രാത്രിയിൽ വീടിന് പുറത്ത് നായയുടെ കുരയും ശബ്ദവും കേട്ടതായി വീട്ടുകാർ പറയുന്നു. പിറ്റേന്ന് പുലർച്ചെ ആണ് നായയെ കാണാതായത്. അന്വേഷണത്തിനൊടുവിൽ മൂലക്കയത്തിന് സമീപം പമ്പയാറ്റിൽ പ്രളയത്തിൽ തങ്ങിനിന്ന മരത്തിൽ നായയെ കണ്ടെത്തി. നായയുടെ ദേഹത്ത് പലയിടത്തും മുറിവേറ്റ പാടുകളുമുണ്ട്. പുലി ആക്രമിച്ചതായാണ് നിഗമനം.
നായയെ ഉടമ എരുമേലി മൃഗാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മൃഗത്തിന്റെ കടിയേറ്റ രണ്ടിടത്തായി പത്ത് തുന്നലുകൾ വേണ്ടിവന്നു. നായ സുഖംപ്രാപിച്ചുവരുന്നതായി വെറ്ററിനറി ഡോക്ടർ സുബിൻ പറഞ്ഞു.