എരുമേലിക്ക് പത്തുകോടി വികസനത്തിന് മാസ്റ്റർപ്ലാൻ
എരുമേലി: തീർഥാടനകേന്ദ്രമായ എരുമേലിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് പത്തുകോടി വകയിരുത്തിയത് പ്രതീക്ഷയേകുന്നു. എരുമേലി പഞ്ചായത്തിലെ ചെറുവള്ളി എസ്റ്റേറ്റിൽ ശബരി ഗ്രീൻഫീൽഡ് വിമാനത്താവളം യാഥാർഥ്യമാകുമ്പോൾ, എരുമേലിയുടെ സമഗ്രവികസനം നടപ്പാക്കി എരുമേലിയെ ടൗൺഷിപ്പായി ഉയർത്തുകയെന്നതാണ് മാസ്റ്റർ പ്ലാനിലൂടെ ലക്ഷ്യമിടുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിനായി എരുമേലിയിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുതലത്തിലുള്ള ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നടപ്പാക്കേണ്ട വികസന പദ്ധതികൾ ചർച്ചചെയ്യും.
എരുമേലിക്ക് വേണ്ടത്…
• മൂന്ന് റോഡുകൾ സംഗമിക്കുന്ന എരുമേലി ടൗൺ ജങ്ഷനിൽ തിരക്കുകുറയ്ക്കാൻ അനുയോജ്യമായ സമാന്തരപാതകൾ നിർമിക്കണം. നിലവിലുള്ളവ വികസിപ്പിക്കണം.
• ആഴവും വീതിയുംകൂട്ടി എരുമേലി വലിയതോട് പുനരുദ്ധരിക്കണം. തീർഥാടനകാലത്ത് ഭക്തരുടെ കുളിക്കടവിൽ വെള്ളമെത്തിക്കണം. മലിനജല സംസ്‌കരണ സംവിധാനം നടപ്പാക്കണം. തിരക്ക് പരിഗണിച്ച് മേൽപ്പാലങ്ങളുടെ ആവശ്യകത പരിശോധിക്കണം.
• വിദഗ്ധ ഏജൻസിയെ നിയോഗിച്ച് പഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കണം.
‘വേഗം കൂട്ടാൻ’ രണ്ടുകോടി
എരുമേലി: നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയത് രണ്ടുകോടി. പ്രാരംഭ നടപടികൾക്കായി കഴിഞ്ഞ ബജറ്റിലും വകയിരുത്തിയത് രണ്ടുകോടിയായിരുന്നു.
ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കാണ് ഇക്കുറി ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയത്.
തർക്കസ്ഥലവും രേഖയിൽ 2263 ഏക്കർ വിസ്തൃതിയുമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്താണ് സർക്കാർ നിർദിഷ്ട വിമാനത്താവള പദ്ധതിയുമായി മുമ്പോട്ടുപോകുന്നത്. എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ സ്വകാര്യഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനും വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. കാരിത്തോട്, ഒഴക്കനാട്, ഓരുങ്കൽക്കടവ്, ചേനപ്പാടി, പാതിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ റവന്യൂഭൂമിയാണ് ഏറ്റെടുക്കുന്നത്. മണ്ണിന്റെ ഉറപ്പ് അറിയാൻ പരിശോധന കഴിഞ്ഞു. ഇനി പരിസ്ഥിതി ആഘാത പഠനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തേണ്ടതുണ്ട്.