നാലുവരിപ്പാതയ്ക്ക് സർവേ കല്ലിട്ട ശേഷം നിർമ്മാണത്തിനുള്ള ലേലം ക്ഷണിക്കും; 2024 മാർച്ച് 31-ന് ടെൻഡർ അംഗീകരിക്കും; പിന്നെ പണി അതിവേഗം; എംസി റോഡുമായി സന്ധിക്കില്ല; പുളിമാത്ത് മുതൽ അങ്കമാലി വരെ സുഖയാത്ര; തിരുവനന്തപുരം-കൊട്ടാരക്കര- കോട്ടയം-അങ്കമാലി ഗ്രീൻ ഫീൽഡ് കോറിഡോറിൽ കേരളത്തിന് പ്രതീക്ഷകൾ മാത്രം

: തിരുവനന്തപുരം മുതൽ അങ്കമാലി വരെ എം.സി.റോഡിന് സമാന്തരമായി ദേശീയപാത അഥോറിറ്റി നിർമ്മിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാതയിൽ കേരളത്തിന് പ്രതീക്ഷകൾ ഏറെ. 257 കിലോമീറ്റർ നീളത്തിൽ ആറു ജില്ലകളിലെ 13 താലൂക്കുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 72 വില്ലേജുകളിൽനിന്ന് ആയിരത്തിലധികം ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ടോൾ പിരിവുള്ള പാതയാകും ഇത്. കേന്ദ്ര സർക്കാരിന്റെ 100 കോടിക്ക് മുകളിലുള്ള റോഡുപദ്ധതികൾക്ക് ടോൾ വാങ്ങാമെന്ന ധാരണ പ്രകാരമാണിത്. ഉടൻ പാതയുടെ നിർമ്മാണം തുടങ്ങും. നാലുവരി പാതയ്ക്ക് 45 മീറ്റർ വീതിയുണ്ടാകും.

തിരുവനന്തപുരം മുതൽ അങ്കമാലി വരെ എംസി റോഡിനു സമാന്തരമായുള്ള നിർദിഷ്ട ഗ്രീൻഫീൽഡ് ദേശീയപാതയുടെ അലൈന്മെന്റിൽ മാറ്റമുണ്ട്. ഗീൻഫീൽഡ് ഹൈവേയുടെ തുടക്കം തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ നിന്നു മാറി കിളിമാനൂരിന് അടുത്ത് പുളിമാത്ത് നിന്നാക്കിയിട്ടുണ്ട്. എരുമേലിയിൽ ശബരിമല വിമാനത്താവളം നിർമ്മിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ ആരംഭിച്ചതിനാൽ അലൈന്മെന്റിൽ ഉൾപ്പെട്ടിരുന്ന എരുമേലി നോർത്ത്, എരുമേലി സൗത്ത് വില്ലേജുകളുൾപ്പെടെ നേരത്തെ പട്ടികയിലുണ്ടായിരുന്ന ചില വില്ലേജുകൾ ഒഴിവാക്കും.

ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാത അഥോറിറ്റി നിർമ്മിക്കുന്ന വിഴിഞ്ഞം നാവായിക്കുളം ഔട്ടർറിങ് റോഡ് നിലവിൽ വരുന്നതോടെ ഈ പാതയുടെ തുടർച്ചയെന്ന നിലയിലാകും പുതിയ റോഡ്. പുതിയ അലൈന്മെന്റ് പ്രകാരം പാതയുടെ ആകെ നീളം ഏകദേശം 30 കിലോമീറ്റർ കുറഞ്ഞേക്കും. ദേശീയപാത അഥോറിറ്റിയുടെ തനത് പദ്ധതിയെന്ന നിലയിലാണ് ഗ്രീൻഫീൽഡ് ഹൈവേ വരുന്നത്. ഭോപ്പാൽ ഹൈവേ എൻജിനിയറിങ് കൺസൾട്ടന്റ് എന്ന സ്ഥാപനമാണ് കല്ലിടൽ നടത്തുക.

കല്ലിടലിന് മുൻപുള്ള ഏരിയൽ സർവേ ഭോപ്പാൽ ഏജൻസി പൂർത്തിയാക്കിക്കഴിഞ്ഞു. റൂട്ട് മാപ്പും തയ്യാറാക്കിയിട്ടുണ്ട്. ഇവർ തയ്യാറാക്കിയ സർവേയും മാപ്പും അന്തിമ അനുമതിക്കായി ദേശീയപാത അഥോറിറ്റിയുടെ ഭൂമിയേറ്റെടുക്കൽ കമ്മിറ്റിക്ക് ഉടൻ കൈമാറും. കമ്മിറ്റിയാണ് ഈ സർവേ അംഗീകരിക്കണമോയെന്ന് തീരുമാനിക്കുന്നത്. മാറ്റമുണ്ടെങ്കിൽ കൺസൾട്ടന്റിനെ അറിയിക്കും. ഇത് തീർപ്പാക്കി അന്തിമമായി ഭൂമിയേറ്റെടുക്കുമെന്ന് കാണിച്ച് 3 എ വിജ്ഞാപനം ദേശീയപാത പുറത്തിറക്കും. തുടർന്ന് കല്ലിടൽ തുടങ്ങാനാണ് നീക്കം.

ഗ്രീൻഫീൽഡ് പാതയുടെ സർവേയ്ക്കും മാപ്പിങ്ങിനും കല്ലിടലിനുമായി ഏഴ് കോടി രൂപയ്ക്കാണ് ഭോപ്പാൽ എൻജിനിയറിങ് കൺസൾട്ടന്റിന് ദേശീയപാത അഥോറിറ്റി കരാർ നൽകിയത്. വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന്റെ സർവേ നടത്തുന്നതും ഇവരാണ്. സ്ഥലമേറ്റെടുപ്പിന് ഡെപ്യൂട്ടി കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ യൂണിറ്റുകളും ഉടൻ തുടങ്ങും. സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക ദേശീയപാത അഥോറിറ്റിയും 25 ശതമാനം സംസ്ഥാന സർക്കാരും നൽകും.

നാലുവരിപ്പാതയ്ക്ക് സർവേ കല്ലിട്ടശേഷം ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ നിർമ്മാണത്തിനുള്ള ലേലം ക്ഷണിക്കും. അടുത്ത വർഷം മാർച്ച് 31-ന് ടെൻഡർ അംഗീകരിച്ച് നൽകും. എംസി റോഡിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ എസ്എച്ച് 01 (തിരുവനന്തപുരം-കൊട്ടാരക്കര- കോട്ടയം-അങ്കമാലി) ഗ്രീൻ ഫീൽഡ് കോറിഡോർ കേരളത്തിന്റെ മുഖഛായ മാറ്റും. നിലവിലെ എംസി റോഡിലെ ഗതാഗതക്കുരുക്കുകൾക്ക് ഈപദ്ധതി ആശ്വാസമായിരിക്കുമെന്നും എംസി റോഡുമായി ഒരു സ്ഥലത്തും പുതിയ പാത സന്ധിക്കുന്നില്ലെന്നും അധികൃതർ പറയുന്നു.

എറണാകുളം ജില്ലയിൽ 260 ഹെക്ടറും ഇടുക്കി 29.04 ഹെക്ടർ, കോട്ടയം 225.55 ഹെക്ടർ, പത്തനംതിട്ട 180.94 ഹെക്ടർ, കൊല്ലം 212.79 ഹെക്ടർ, തിരുവനന്തപുരം 108.05 ഹെക്ടറർ എന്നിങ്ങനെ 1010 ഹെക്ടർ സ്ഥലമാണ് നിർദ്ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പദ്ധതിയുടെ ആകെ നിർമ്മാണ ചെലവ് 12904 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓരോ ഓഫീസ് ഉൾപ്പെടെ ആറ് ജില്ലകളിലായി 6 പ്രത്യേക ഭൂമി ഏറ്റടുക്കൽ ഓഫീസുകൾ തുടങ്ങും. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും ഉടൻ പുറപ്പെടുവിക്കും.

error: Content is protected !!