തിരഞ്ഞെടുപ്പ് കേസ്. മഞ്ഞപ്പള്ളി വാർഡിൽ വോട്ടിംഗ് മെഷീനിലെ ഇരട്ടവോട്ടുകൾ പരിശോധിക്കാൻ കോടതി ഉത്തരവ്.

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ മഞ്ഞപ്പള്ളിയിൽ വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ ഇരട്ട വോട്ടുകൾ ഏതു സ്ഥാനാർത്ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാൻ കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതി ഉത്തരവിട്ടു. ഇരട്ട വോട്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സിബു ദേവസ്യ സമർപ്പിച്ച ഹർജി അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

മറ്റ് വാർഡുകളിൽ വോട്ട് ചെയ്ത അഞ്ച് വോട്ടർമാർ മഞ്ഞപ്പള്ളി വാർഡിൽ കള്ളവോട്ട് ചെയ്തതായും ഇത് ഇരട്ട വോട്ടുകളായി പരിഗണിച്ച് റദ്ദു ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കൂടിയായ സിബു ദേവസ്യ കോടതിയെ സമീപിച്ചത്.

ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഉൾപ്പടെ ഇതര ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളിൽ വോട്ടുകൾ ചെയ്ത അഞ്ച് വോട്ടർമാർ മഞ്ഞപ്പള്ളി വാർഡിലും വോട്ട് ചെയ്തതായി സാക്ഷിവിസ്താരത്തിൽ കോടതി കണ്ടെത്തിയിരുന്നു. ഈ വോട്ടുകൾ ഇരട്ട വോട്ടുകളായി പ്രഖ്യാപിച്ച് കോടതി അസാധുവാക്കുകയാണ് ചെയ്തിരിക്കുന്നത്. വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ ഈ വോട്ടുകൾ ഏതു സ്ഥാനാർത്ഥിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കോടതി ഇനി പരിശോധിക്കുക. അതിനുശേഷം തുടർ നടപടികളിലേക്ക് കോടതി കടക്കും. കോട്ടയം കളക്ടറേറ്റിൽ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷീനുകൾ കോടതിയിൽ എത്തിക്കും.

വാശിയേറിയ മത്സരം നടന്ന വാർഡിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി സിപിഎമ്മിലെ വി എൻ രാജേഷും സിബു ദേവസ്യയും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിയപ്പോൾ 601 വോട്ടുകൾ നേടി തുല്യ നിലയിലായിരുന്നു. തുടർന്ന് 15 പോസ്റ്റൽ വോട്ടുകളിൽ 9 എണ്ണം നേടി മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് വി എൻ രാജേഷ് ജയിക്കുകയാണ് ഉണ്ടായത്. വോട്ടിംഗ് മെഷീനിൽ ഇരു സ്ഥാനാർത്ഥികളും തുല്യ വോട്ടുകൾ നേടിയിരുന്നതിനാൽ അസാധുവായി പ്രഖ്യാപിച്ച അഞ്ച് വോട്ടുകൾ ഏതു സ്ഥാനാർത്ഥിക്കാണ് ലഭിച്ചത് എന്നത് കോടതിയുടെ അന്തിമ വിധിയിൽ വളരെ നിർണായകമാകും. ഇനി മാർച്ച് നാലിനാണ് കേസ് കോടതി പരിഗണിക്കുക. സിബു ദേവസ്യാക്കുവേണ്ടി അഡ്വ സിബി ചേനപ്പാടിയും, അഡ്വ നോബിൾ ജോസഫും ഹാജരായി.

error: Content is protected !!