കാഞ്ഞിരപ്പള്ളിയിലെ മാങ്ങാമോഷണക്കേസിലെ പോലീസുകാരനെ പിരിച്ചുവിട്ടേക്കും..
കാഞ്ഞിരപ്പള്ളി : കഴിഞ്ഞ സെപ്‌റ്റംബറിൽ, കാഞ്ഞിരപ്പള്ളിയില്‍ പച്ചക്കറി മൊത്തവ്യാപാരസ്ഥാപനത്തിനു മുന്നില്‍ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ച കേസിൽ അറസ്റ്റിൽ ആവുകയും, തുടർന്ന് സസ്‌പെന്‍ഷനിലാവുകയും ചെയ്ത പോലീസുകാരനും. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. പി.വി.ഷിഹാബിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടേക്കും. 600 രൂപ വിലമതിക്കുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചെന്ന് കടയുടമ പരാതിയിലാണ് നടപടി. കടയിലെ നിരീക്ഷണ ക്യാമറയില്‍നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്,
മോഷണക്കേസെടുത്തെങ്കിലും പിന്നീട് പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു.
പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി പോലീസ് സൂപ്രണ്ട് വി.യു.കുര്യാക്കോസ് ഷിഹാബിന് നോട്ടീസ് നല്‍കി. ഡി.ജി.പി.യുടെ നിര്‍ദേശപ്രകാരമാണിത്. 15 ദിവസത്തിനകം വിശദീകരണം നല്‍കണം.
മാങ്ങാമോഷണം കൂടാതെ ഷിഹാബിനെതിരേ മറ്റ് രണ്ട് കേസുകള്‍കൂടിയുള്ളതും അച്ചടക്കനടപടി നേരിട്ടിട്ടുള്ളതും പിരിച്ചുവിടാനുള്ള പട്ടികയിലേക്കു നയിച്ചു.