പരാതിക്കാരിക്ക് ജിയോളജിസ്റ്റിെന്റ വിചിത്ര മറുപടി : വല്യന്തയിൽ പ്രവർത്തിക്കുന്നത് പാറമടയല്ല, ആട് ഫാം..
മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിലെ വല്യന്ത പാറമടയ്ക്കെതിരേ പരാതി നൽകിയ യുവതിക്ക് വിവരാവകാശ പ്രകാരം ലഭിച്ച രേഖയിൽ വല്യന്തയിൽ പാറമട അല്ല ആടുഫാം ആണ് പ്രവർത്തിക്കുന്നതെന്ന് ജിയോളജിസ്റ്റിന്റെ വിചിത്ര മറുപടി.സ്ഥല പരിശോധന നടത്തിയിരുന്നില്ല. പാറമട ഉടമയെ സഹായിക്കുന്നതിന്റെ ഭാഗമായാണ് യാഥാർഥ്യം വളച്ചൊടിച്ചതെന്ന് പരാതിക്കാരിയായ റോസമ്മ ശാമുവേൽ പറഞ്ഞു. പാറമടയുടെ പ്രവർത്തനംമൂലം ജീവിതം വഴിമുട്ടിയതായി കാട്ടി വല്യന്ത, കൊടുങ്ങാക്കൽ റോസമ്മ ശാമുവേൽ ഒരു വർഷം മുൻപ് പട്ടികവർഗ കമ്മിഷന് പരാതിനൽകിയിരുന്നു. പരാതി പരിഹരിക്കുന്നതിനായി കോട്ടയത്ത് നടത്തിയ അദാലത്തിൽ യുവതി പങ്കെടുത്തു. അന്ന് അവിടെ ഹാജരാക്കിയ രേഖയിലാണ് ജിയോളജിസ്റ്റ് ഇത്തരത്തിൽ രേഖ നൽകിയത്.
മഴ കനത്തതോടെ പരാതി നൽകിയ കാലഘട്ടമായ 2021 ഒക്ടോബർ മുതൽ ഡിസംബർ 21 വരെ ഉള്ള അറുപത് ദിവസത്തേക്ക് ജില്ലാ കളക്ടർ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ സമയത്താണ് അദാലത്തിൽ കേസ് പരിഗണിച്ചത്. വല്യന്തയിൽ പാറമട പ്രവർത്തിക്കുന്ന വിവരം കൃത്യമായി അറിയാവുന്ന ജിയോളജിസ്റ്റ് താത്കാലികമായി പ്രവർത്തനം നിർത്തിയ കാര്യം മറച്ചുവെച്ചാണ് ഇത്തരത്തിൽ പാറമടയല്ലെന്ന് റിപ്പോർട്ട് നൽകിയത്. ഇതിന്റെയടിസ്ഥാനത്തിൽ പട്ടികവർഗ കമ്മിഷൻ പാറമട ഉടമയ്ക്ക് അനുകൂലമായി വിധി പറയുകയായിരുന്നു.
പാറമടയ്ക്ക് സ്ഥലം വാങ്ങിയ കാലഘട്ടത്തിൽ ഉടമ പ്രദേശവാസികളോട് ആടുഫാം തുടങ്ങുവാനാണെന്ന് ധരിപ്പിച്ചിരുന്നു. കുറേ ആടുകളെയും കന്നുകാലികളെയും അന്ന് അവിടെ എത്തിച്ചിരുന്നു. പിന്നീടാണ് പാറമടയിൽ ഖനനം ആരംഭിച്ചത്. 2012 മുതൽ 2024 മാർച്ച് 19 വരെയുള്ള പാട്ടക്കാലാവധിയാണ് പാറമടയ്ക്ക് സർക്കാർ നൽകിയിട്ടുള്ളത്. ഇതിൽ ഉൾപ്പെട്ട ഭൂമിയുടെ 50-ശതമാനം ചുവപ്പ് സോണിൽ ഉൾപ്പെടുന്നതാണെന്ന് ജിയോളജിസ്റ്റ് പരാമർശിച്ചിട്ടുണ്ട്.
2023 ഫെബ്രുവരി മൂന്നാം തീയതി ഈരാറ്റുപേട്ട മുൻസിഫ് കോടതി പാറമടയിലെ ഖനനം നിർത്തിവെക്കണമെന്ന് കാട്ടി നിരോധന ഉത്തരവ് നൽകിയിട്ടുള്ളതാണ്. എന്നാൽ പാറ പൊട്ടിക്കൽ ഇപ്പോഴും തുടരുകയാണ്. ഇതിനുശേഷം ജില്ലാ കളക്ടർക്കും കൂട്ടിക്കൽ ഗ്രാമപ്പഞ്ചായത്തിനും റോസമ്മ നേരിട്ട് പരാതിനൽകി. പരാതിയിൽ നടപടി ഉണ്ടാകാതെവന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പടിക്കൽ രണ്ടര വയസ്സുള്ള മകൾ ദിയയുമായി റോസമ്മ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.