കാടുകയറിയെന്ന് കരുതിയ കാട്ടുപോത്ത് വീണ്ടും നാട്ടിലെത്തി… മയക്കുവെടി വെക്കുവാൻ ഉത്തരവ്.. ഇന്ന് വെടിവെച്ച് പിടിച്ചേക്കും..
കാഞ്ഞിരപ്പള്ളി: ഇടക്കുന്നത്ത് ജനവാസ മേഖലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെള്ളനാടി എസ്റ്റേറ്റ് ഭാഗത്തുകൂടെ കാട്ടിലേക്ക് തിരികെ അയച്ചെന്ന് അവകാശപെട്ടതിന്റെ ആശ്വാസത്തിൽ കഴിഞ്ഞിരുന്ന പ്രദേശവാസികളെ ഭീതിയിൽ ആക്കികൊണ്ട് കാട്ടുപോത്ത് വീണ്ടും നാട്ടിലെത്തി.. ഞായറാഴ്ച രാവിലെ 11.30-ഓടെ കട്ടുപ്പാറ പേഴക്കല്ലിനും വെട്ടുമൂട് തോട് ഭാഗത്തുമായാണ് കാട്ടുപോത്തിനെ പ്രദേശവാസികൾ കണ്ടത്. രാത്രി പതിനൊന്ന് മണിയോടെ പോത്തിനെ റോഡിൽ കണ്ടതോടെ ജനങ്ങൾ ശ്കതമായി പ്രതിക്ഷേധിച്ചു . വനപാലകർക്കും പോലീസിനുമൊപ്പം, പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സിന്ധു മോഹനൻ രാവിലെ മുതൽ സ്ഥലത്തു ക്യാമ്പ് ചെയ്ത്, സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. വനംവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് മയക്കുവെടിവെച്ച് കാട്ടുപോത്തിനെ കാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലാണ് . പോത്തിനെ വെടിവയ്ക്കുവാനുള്ള പ്രത്യേക തോക്കും, വിദഗ്ധരും രാവിലെ സ്ഥലത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു..
രാവിലെമുതൽ കാട്ടുപോത്ത് റബ്ബർത്തോട്ടത്തിൽതന്നെ നിലയുറപ്പിക്കുകയായിരുന്നു. വെള്ളനാടി എസ്റ്റേറ്റ് ഭാഗത്തുകൂടെ കാട്ടുപോത്തിനെ കാട്ടിലേക്ക് തിരികെ അയച്ചെന്നായിരുന്നു ശനിയാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. പിന്നീട് മണിക്കൂറുകൾക്കുശേഷമാണ് വീണ്ടും കാട്ടുപോത്തിനെ പ്രദേശത്ത് കണ്ടത്.
കാട്ടുപോത്തിന്റെ ദേഹത്ത് മുറിവേറ്റ പാടുകളുമുണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പുദ്യോഗസ്ഥരും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., ബ്ലോക്ക് പ്രസിഡന്റ് അജിത രതീഷ്, പാറത്തോട് ഗ്രാമപ്പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് സിന്ധു മോഹൻ എന്നിവരും സ്ഥലത്തെത്തി.
കാട്ടുപോത്തിനെ നാട്ടിൽ കണ്ടെത്തിയിട്ട് 13 ദിവസം പിന്നിട്ടിട്ടും കാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികളും പ്രതിഷേധത്തിലാണ്. മയക്കുവെടിവെച്ച് പിടികൂടി കാട്ടിൽ എത്തിക്കണമെന്ന ആവശ്യം വനംവകുപ്പ് അംഗികരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ 28-നാണ് പ്രദേശത്ത് ആദ്യം പോത്തിനെ കാണുന്നത്. അന്ന് രാത്രിയിൽ കിണറ്റിൽവീണ കാട്ടുപോത്തിനെ പിറ്റേന്ന് കിണറിന്റെ അരിക് ഇടിച്ചാണ് കരയ്ക്കുകയറ്റിയത്. പിന്നീട് ഇവിടെനിന്ന് രക്ഷപ്പെട്ട കാട്ടുപോത്തിനെക്കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒരാൾക്കു പരിക്കേറ്റിരുന്നു.