ആശങ്ക പെരുകുന്നു ; വിമാനത്താവളം ജീവിതതാളം തെറ്റിക്കുമോ?
കാഞ്ഞിരപ്പള്ളി: എരുമേലിയിൽ വിമാനത്താവളം വരുന്നുവെന്നു കേട്ടപ്പോൾ ഏറെ സന്തോഷിച്ചവരാണ് എരുമേലിയിലെ കർഷകർ. എന്നാൽ, ഇന്ന് ഈ വിമാനത്താവളം കാരണം സ്വന്തം വീടും ഭൂമിയും വിട്ട് ഇറങ്ങേണ്ട സ്ഥിതി വരുമോയെന്ന ആശങ്കയിലാണ് ഇവിടെയുള്ള കർഷകർ. നിലവിലെ അവസ്ഥയിൽ ഒഴക്കനാട്, കാരിത്തോട്, കനകപ്പലം, ചാരുവേലി പ്രദേശങ്ങളിലെ 500ഓളം കുടുംബങ്ങളും രണ്ട് പള്ളികൾ, 108 വർഷം പഴക്കമുള്ള എൻഎം എൽപി സ്കൂൾ, അന്പലം എന്നിവയെല്ലാം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. ആരെയും കുടിയിറക്കേണ്ടി വരില്ലെന്നാണ് ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ തങ്ങൾ കുടിയിറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് ഇവിടുത്തെ കർഷകർ.
കർഷകരുടെ ആശങ്കകൾ ഇങ്ങനെ
1. കാർഷിക- വിദ്യാഭ്യാസ ലോണുകൾ ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. മക്കളുടെ പഠനവും കല്ല്യാണവും എങ്ങനെ നടത്തുമെന്ന് ആധിയിലാണ് പലരും. സ്ഥലം പോലും ഇപ്പോൾ വില്ക്കാൻ പറ്റുന്നില്ല. വയസായ മാതാപിതാക്കളുമായി എങ്ങോട്ടു പോകാനാണ് ഇവർ.
- 200 വർഷമായി ഇവിടെ താമസിക്കുകയാണ്. അപ്പനപ്പൂപ്പൻമാരെ അടക്കിയിരിക്കുന്നത് ഇവിടെയുള്ള പള്ളിയിലാണ്. ഈ നാടും കഷ്ടപ്പെട്ടു സന്പാദിച്ച ഈ മണ്ണും വിട്ട് ഇറങ്ങിപ്പോകാൻ പറ്റില്ലയെന്നതാണ് വസ്തുത പ്രായമായ ഞങ്ങൾ എങ്ങോട്ടുപോകും?
- എരുമേലി വിമാനത്താവളത്തിന് 2,570 ഏക്കർ സ്ഥലം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് മാത്രം മൂവായിരത്തിലധികമുണ്ട്. ഇതോടൊപ്പം ഫോറസ്റ്റ്, റബർബോർഡ് എന്നീ സ്ഥലങ്ങളുമുണ്ട്. ഇതൊന്നും ഏറ്റെടുക്കാതെ പിന്നെ എന്തിനാണ് പാവപ്പെട്ട കർഷകരുടെ സ്ഥലം ഏറ്റെടുക്കുന്നത്?
- 150 വർഷമായി ഇവിടെ താമസിക്കുകയാണ്. ഒരു സൗകര്യവുമില്ലാതിരുന്ന കാലത്താണ് എരുമേലിയിലെത്തിയത്. നടന്നാണ് സ്കൂളിലും പള്ളിയിലുമെല്ലാം പോയിരുന്നത്. ഞങ്ങൾക്ക് ഇതെല്ലാം നഷ്ടമാകുന്നു. ഫലഭൂയിഷ്ഠമായ സ്ഥലമാണിത്. ഇവിടെയുള്ളവരെല്ലാം സാധാരണ കൃഷിക്കാരാണ്. പുറമ്പോക്ക് ഭൂമിയും വനഭൂമിയും ഉള്ളപ്പോൾ എന്തിനാണ് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.
- എയർപോർട്ട് വരുന്നതിൽ ഞങ്ങളാരും എതിരല്ല. പക്ഷേ, മൂവായിരത്തോളം ഏക്കർ സ്ഥലം ഉള്ളപ്പോൾ എന്തിനാണ് കർഷകരെ ഇറക്കിവിട്ടുകൊണ്ട് പദ്ധതി ആവിഷ്കരിക്കുന്നത്. ഇവിടുത്തെ കർഷകരെ പുറത്താക്കിയിട്ടു വേണോ വിമാനത്താവളം?
- പ്രായമായ മാതാപിതാക്കളുമായി താമസിക്കുന്നവരാണ് ഇവിടെയുള്ള കർഷകരെല്ലാം. ഇവരുമായി ഞങ്ങൾ എങ്ങോട്ടുപോകാനാണ്. ഇനിയും ഈ പ്രായത്തിൽ ഞങ്ങൾ എല്ലാം ഒന്നേന്നു തുടങ്ങേണ്ട സ്ഥിതിയാകും.
- വിമാനത്താവളത്തിനായി നിശ്ചയിച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് അളന്ന് ഏറ്റെടുക്കാതെ എന്തിനാണ് ഞങ്ങളുടെ കൃഷിയിടങ്ങളിലേക്കു വരുന്നത്. ആദ്യം എസ്റ്റേറ്റ് ഏറ്റെടുക്ക്. നിലവിൽ നിരവധി കേസുകളുള്ള എസ്റ്റേറ്റാണ് ചെറുവള്ളി എസ്റ്റേറ്റ്. എങ്ങനെയാണ് ഈ എസ്റ്റേറ്റിൽ വിമാനത്താവളം വരുന്നത്.
ഒഴക്കനാട്, കാരിത്തോട്, കനകപ്പലം, ചാരുവേലി പ്രദേശങ്ങളിലെ കർഷകരുടെ നിലവിളികളാണ് ഇതൊക്കെ. ചെറുവള്ളി എസ്റ്റേറ്റ് മൂവായിരത്തിലധികം ഏക്കർ സ്ഥലമുള്ളതിനാൽ ജനവാസമേഖലയിലെ സ്ഥലം ഏറ്റെടുത്ത് 500ഓളം കർഷക കുടുംബങ്ങളെ എന്തിനാണ് ദ്രോഹിക്കുന്നത്. പ്രദേശത്തെ ജനങ്ങളെ ഇവരുടെ മണ്ണിൽനിന്ന് ഇറക്കിവിട്ടിട്ട് വേണോ പുതിയ വികസനം. ജനങ്ങളെ ഇറക്കിവിട്ട് കൊണ്ട് ഒരു വികസനവും വേണ്ടെന്നു പറഞ്ഞ അധികാരികൾതന്നെയാണ് ഈ പാവപ്പെട്ട കർഷകരെ ദ്രോഹിക്കുന്നതും.
ഈ കർഷകർ വിമാനത്താവളത്തിന് ഒരിക്കലും എതിരല്ല. ആവശ്യത്തിലെറെ സ്ഥലമുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ അകത്തു വിമാനത്താവളം നിൽക്കുകയാണെങ്കിൽ പൂർണമനസോടെ ഇതിനെ സ്വാഗതം ചെയ്യുമെന്നാണ് ഈ നാട് ഏകസ്വരത്തിൽ പറയുന്നത്.