വാഴൂർ ബ്ലോക്ക് പഞ്ചായത്തിന് 28.50 കോടിയുടെ ബജറ്റ് 

 

വാഴൂർ: ആരോഗ്യം, കൃഷി, ഭവന നിർമാണം കുടിവെള്ള, ശുചിത്വം എന്നീ മേഖലകൾക്ക് മുൻതൂക്കം നൽകി വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 2023-24 വാർഷിക പദ്ധതി പ്രകാരം 28.50 കോടി രൂപ വരവും 24.43 കോടി രൂപ ചെലവും 7.02 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി അവതരിപ്പിച്ചത്. ഉത്പാദന മേഖലയിൽ 51.65 ലക്ഷവും, പശ്ചാത്തല മേഖലയിൽ 43.04 ലക്ഷം രൂപയും സേവന മേഖലയിൽ 1.20 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കും കാത്ത്‌ലാബിന്റെ അനുബന്ധ ചെലവുകൾക്കുമായി 1.52 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ദുർബല വിഭാഗങ്ങളുടെ ഭവന നിർമാണത്തിനായി 83.83 ലക്ഷം രൂപവും ബജറ്റിൽ ഉൾകൊള്ളിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി പാമ്പൂരി, പി.എം.ജോൺ, ലതാ ഷാജൻ, സെക്രട്ടറി പി.എൻ. സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!