ഇന്നും നാടിന് ഭീതിയാണ്..ആ വീട് കാണുമ്പോൾ 

 

2013-ൽ ഇരട്ടക്കൊലപാതകംനടന്ന പഴയിടം തീമ്പനാൽ വീടിന്റെ ഇപ്പോഴത്തെ കാഴ്ച 

പഴയിടം: വഴിയാകെ കരിയിലനിറഞ്ഞ് അടഞ്ഞനിലയിൽ, മുറ്റം കാടുകയറി ചപ്പുചവർ നിറഞ്ഞുകിടക്കുന്നു… 2013 മുതൽ നാടിന് ഭീതിദമായ ഓർമകൾ സമ്മാനിക്കുകയാണ് പഴയിടം തീമ്പനാൽ വീട്. 

കാഞ്ഞിരപ്പള്ളി-മണിമല റോഡരികിലെ ഇരുനിലവീടിന്റെ അകത്താണ് ഗൃഹനാഥൻ ഭാസ്‌കരൻ നായരെയും ഭാര്യ തങ്കമ്മയെയും 2013 ഓഗസ്റ്റ് 29-ന് രാവിലെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. 

തലേന്ന് രാത്രിയാണ് ബന്ധുവായ അരുൺ ശശി കൃത്യംനിർവഹിച്ചത്. ഭാസ്‌കരൻ നായരും ഭാര്യയും അന്ന് ശ്രീകൃഷ്ണജയന്തി ശോഭയാത്രയിൽ പങ്കെടുത്ത് മടങ്ങിയത് കണ്ടതാണ് നാട്ടുകാരെല്ലാം. 

പിറ്റേന്ന് ഇരുവരുടെയും ദുരന്തവാർത്ത അറിഞ്ഞ് അവിടേക്കെത്തിയ ജനങ്ങളുടെ മനസ്സിൽനിന്ന് ആ രംഗങ്ങൾ ഇനിയും മറക്കാനായിട്ടില്ല. അന്നുതൊട്ട് പ്രദേശവാസികൾക്ക് ഈ വീട് അവരെക്കുറിച്ചുള്ള ഓർമകളും ഇരട്ടക്കൊലപാതകത്തിന്റെ ഭയപ്പാടുമാണ് നൽകുന്നത്. സംഭവമറിഞ്ഞ് ദിവസങ്ങളോളം നാടിന്റെ ഉറക്കംനഷ്ടപ്പെട്ടു. വീടുകളിൽ മക്കളില്ലാതെ കഴിയുന്ന പ്രായമായ ദമ്പതിമാർ ഭയപ്പാടിലായിരുന്നു. കവർച്ചക്കാരുടെ സാന്നിധ്യം നാട്ടിലുണ്ടെന്ന ഭീതിയായിരുന്നു എല്ലാവർക്കും ദിവസങ്ങളോളം. 

2013-സെപ്റ്റംബറിൽ ദമ്പതിമാരുടെ മരണാനന്തരച്ചടങ്ങുകൾക്കുശേഷം അടച്ചിട്ടിരിക്കുകയാണ് ഈ വീട്. രണ്ടുപെൺമക്കളും ഭർത്തൃവീടുകളിലാണ്. അന്ന് ഇവരുടെ ഭർത്താക്കന്മാരെ സംശയമുനയിൽ നിർത്തുന്നതിൽ പ്രതി അരുൺ ശശി വിജയിച്ചിരുന്നു. 

പോലീസ് അന്വേഷണത്തിനെല്ലാം സഹായിയായിനിന്നത് തങ്കമ്മയുടെ സഹോദരപുത്രനായ ഇയാളാണ്. പകൽ മുഴുവൻ പോലീസിനൊപ്പമുണ്ടായിരുന്ന അരുൺ ശശി ഡോഗ് സ്‌ക്വാഡ് അന്വേഷണത്തിനെത്തിയ ഒരുമണിക്കൂറോളം മാത്രം വിട്ടുനിന്നത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നുമില്ല. വീടിനകത്ത് മണം പിടിച്ച നായ സമീപത്തെ കവല വരെ ഓടിയെങ്കിലും പ്രതിയെക്കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. കൊലപാതകം നടന്ന മുറികൾക്കുള്ളിൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും വിതറി തെളിവുകൾ നശിപ്പിക്കുന്നതിലും പ്രതി വിജയിച്ചിരുന്നു. 

പിന്നീട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കുന്നതിനും മുന്നിൽനിന്നത് അരുൺ ശശിയായിരുന്നു. ദമ്പതിമാരുടെ മരുമക്കളിലേക്ക് സംശയം വഴിതിരിച്ചുവിടുന്നതിന് ആക്ഷൻ കൗൺസിലിനെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കുന്നതിലും രണ്ടാഴ്ചയോളം ഇയാൾ വിജയിച്ചു. ഈ പ്രചാരണമനുസരിച്ച് പോലീസ് അന്വേഷണം നടന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. 

സെപ്റ്റംബർ 19-ന് വഴിയാത്രക്കാരിയുടെ മാലപൊട്ടിച്ചതിന് അരുൺ ശശി കോട്ടയത്ത് പിടിയിലായതോടെയാണ് ഇരട്ടക്കൊലയിലെ ഇയാളുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.

പഴയിടം ആശയം വന്നു, ‘ജോസഫ് ’ സിനിമയിലും

കോട്ടയം: അടുത്ത ബന്ധുക്കളെ നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച് കൊലപ്പെടുത്തുക. അവരുടെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ ആക്ഷൻ കൗൺസിൽ ഉണ്ടാക്കി നേതൃത്വം നൽകുക. മരണാനന്തരചടങ്ങിൽ സജീവമായി പങ്കെടുക്കുക. പഴയിടം ഇരട്ടകൊലപാതകത്തിൽ പ്രതിയായ അരുൺ ശശി നടപ്പിലാക്കിയത് ഇൗ തന്ത്രമാണ്.

ഇൗ തന്ത്രം പിന്നീട് സിനിമയിലും എത്തി. ജോജു ജോർജ് നായകനായ, പോലീസ് സേനയിൽ അംഗമായിരുന്ന ഷാഹി കബീർ തിരക്കഥാകൃത്തായ ‘ജോസഫ്’ സിനിമയിലാണ് സമാനമായ വിഷയം അവതരിപ്പിച്ചത്. സിനിമയുടെ തുടക്കത്തിൽ ജോജു ജോർജിന്റെ കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ അവതരിപ്പിക്കൽ രംഗം പറയുന്ന കഥയ്ക്ക് പഴയിടം കൊലപാതകവുമായി സാമ്യമേറെയാണ്.

“ഞങ്ങൾ ഇപ്പോഴും ഭീതിയിൽ”

കോട്ടയം: “കോടതി സ്വീകരിച്ച സമീപനത്തിൽ തൃപ്തിയുണ്ട്.” ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും മക്കളായ ബിനുഭാസ്കറും ബിന്ദുഭാസ്കറും പ്രതികരിച്ചു. ശിക്ഷ എന്താണെന്ന ആകാംക്ഷയിലാണ് ബന്ധുക്കളെല്ലാം. ഭാസ്കരൻ നായരും തങ്കമ്മയും എല്ലാ ബന്ധുക്കളോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്നവരാണ്. പ്രതിയായ അരുണിനോടും അങ്ങനെതന്നെ. അയാൾ ഇത്രയേറെ ക്രൂരത കാട്ടുമെന്ന് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. അയാൾ പുറത്തിറങ്ങുന്നത് തങ്ങൾക്ക് ജീവന് ഭീഷണിയാകുമെന്ന് ഇവർ കരുതുന്നു.

error: Content is protected !!