പൊൻകുന്നത്ത് കെ.എസ്.ആർ.ടി.സിയുടെ യാത്രാ ഫ്യൂവൽസ് ഉദ്ഘാടനം ചെയ്തു
പൊൻകുന്നം : കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ കേരളത്തിൽ 72 യാത്രാ ഫ്യൂവൽസ് ഔട്ട്‌ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പൊൻകുന്നത്തെ യാത്രാ ഫ്യൂവൽസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നര വർഷം മുൻപ് ആരംഭിച്ച ഈ പദ്ധതിയിൽ ഇപ്പോൾ 14 ഔട്ട്‌ലെറ്റുകളാണ് ഉള്ളത്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ ഡീലർ ആയി കെ.എസ്.ആർ.ടി.സി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പെരുമ്പാവൂരിൽ ആരംഭിക്കുന്ന പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം ഉടൻ നടത്തും. സർക്കാർ ഉടമസ്ഥതയിൽ പമ്പുകൾ ആരംഭിക്കുമ്പോൾ മായമില്ലാത്തതും അളവിലോ തൂക്കത്തിലോ കുറയാതെ ഇന്ധനം ലഭിക്കുമെന്നതിനാൽ കൂടുതൽ പൊതുജനങ്ങൾ ഇത്തരം പമ്പുകളെ ആശ്രയിക്കും. ഈ പമ്പുകൾ തുടങ്ങാനായി കെ.എസ്.ആർ.ടി.സിക്ക് മുതൽ മുടക്കില്ല. കമ്മീഷൻ ഇനത്തിലും സ്ഥലത്തിന്റെ വാടകയായും ലഭിക്കുന്ന തുകയിലൂടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കാം. കെ.എസ്.ആർ.ടി.സിയിൽ അധികം വരുന്ന ജീവനക്കാരെ ഇത്തരം പമ്പുകളിൽ വിവിധ ജോലികൾക്കായി നിയോഗിക്കുകയും ചെയ്യാമെന്നും മന്ത്രി പറഞ്ഞു.
മുൻകാലങ്ങളിൽ ഉണ്ടാക്കിയ ബാധ്യതയാണ് കെ.എസ്.ആർ.ടി.സി.യുടേത്. പ്രതിദിനം 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് കോവിഡിന് ശേഷം 22 ലക്ഷമായി കുറഞ്ഞു. ഇന്ധന ബൾക്ക് പർച്ചേസിങ് സംവിധാനം മോദി സർക്കാർ എടുത്തുകളഞ്ഞത് സാമ്പത്തികഭാരം വർധിപ്പിച്ചു. ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ 15 കോടി രൂപയോളം അധിക ബാധ്യത ഏറ്റെടുത്തുവെന്നും മന്ത്രി പറഞ്ഞു. കിഫ്ബി അനുവദിച്ച 814 കോടി രൂപ ഉപയോഗിച്ച് പഴയബസുകൾ മാറ്റി പുതിയവ ഇറക്കും. തദ്ദേശഭരണസ്ഥാപനങ്ങൾ ആവശ്യപ്പെട്ടാൽ ദീർഘദൂര റൂട്ടുകളിലും ഗ്രാമവണ്ടി മാതൃകയിൽ സർവീസ് നടത്തും. എ.ഐ.ക്യാമറകൾ അപകടമരണനിരക്കും നിയമലംഘനങ്ങളും കുറച്ചതായും മന്ത്രി പറഞ്ഞു.
പൊൻകുന്നം – മുണ്ടക്കയം – വള്ളിയൻകാവ് വഴിയുള്ള പുതിയ ബസ് സർവീസിന് ചെറുവള്ളി ദേവീക്ഷേത്ര അങ്കണത്തിൽ വച്ച് ചൊവ്വാഴ്ചയും പൊൻകുന്നം – ചെങ്ങളം -പള്ളിക്കത്തോട് – കൊടുങ്ങൂർ – എടത്വാ ബസ് സർവീസിന് അടുത്ത മാസം മൂന്നിനും തുടക്കമാവുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കേരള ചീഫ് ജനറൽ മാനേജർ ആൻഡ് സ്റ്റേറ്റ് ഹെഡ് സഞ്ജീബ് ബെഹ്‌റ റിപ്പോർട്ട് അവതരിപ്പിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി. ആർ. ശ്രീകുമാർ ആദ്യവിൽപന നിർവഹിച്ചു. കെ.എസ്.ആർ.ടി.സി. ജോയിന്റ് മാനേജിങ് ഡയറക്ടർ പി.എസ് പ്രമോജ് ശങ്കർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ സുമേഷ് ആൻഡ്രൂസ്, ചിറക്കടവ് ഗ്രാമപഞ്ചായത്തംഗം എബ്രഹാം കെ.എ. കുരിക്കാട്ട്, പൊൻകുന്നം ഹോളി ഫാമിലി ഫെറോന ചർച്ച് വികാരി ജോണി ചെരിപുറം, രാഷ്ട്രീയപാർട്ടി പതിനിധികളായ വി.ജി. ലാൽ, ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ. എം.എ ഷാജി, ജോസുകുട്ടി വെട്ടികാട്ട്, ഷാജി നെല്ലേപറമ്പിൽ, പ്രശാന്ത് മാലമല, അബ്ദുൾ റസാഖ്, ഓട്ടോ ടാക്‌സി യൂണിയൻ സെക്രട്ടറി കെ.എം ദിലീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടോമി ഡൊമനിക്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.പി. പ്രശാന്ത് കുമാർ, കെ.എസ്.ആർ.ടി.സി ടെക്‌നിക്കൽ ജനറൽ മാനേജർ ആർ.ചന്ദ്രബാബു, സംഘടന പ്രതിനിധികളായ ദീപു മാത്യു, കെ.ടി സെബി, എൻ.ബാലാജി, പി.പ്രദീപ് കുമാർ, പി.പി അൻസാരി, എൻ.ഷെമീർ, പാലാ ക്ലസ്റ്റർ ഓഫീസർ എ.ടി. ഷിബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് ഇന്ധനവിതരണ രംഗത്ത് കെ.എസ്.ആർ.ടി.സിയുടെ സാന്നിധ്യമുറപ്പിക്കലാണ് ‘യാത്ര ഫ്യൂവൽസ്’ വിഭാവന ചെയ്യുന്നത്. ഇന്ധനവിതരണരംഗത്ത് കെ.എസ്.ആർ.ടി.സിയുടെ ന്യൂനത സംരംഭമായ യാത്ര ഫ്യൂവൽസിന്റെ ജില്ലയിലെ ആദ്യ ഔട്ട്‌ലെറ്റാണ് പൊൻകുന്നത്തേത്. കെ.എസ്.ആർ.ടി.സി പുനരുദ്ധാരണപാക്കേജ് 2.0ന്റെ ഭാഗമാണു പദ്ധതി. ഹരിത ഇന്ധനങ്ങളായ സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് ഫാസ്റ്റ് ചാർജ്ജിംഗ് എന്നിവയും ഭാവിയിൽ ഈ ഔട്ട്‌ലെറ്റുകൾ വഴി ലഭ്യമാകും.