ഇടിമിന്നലിൽ തകർന്ന വീടിന് പകരം ജനകീയ കൂട്ടായ്മയിൽ പുതിയ വീട് യാഥാർത്ഥ്യമായി: വാർഡ് അംഗം റാണി ടോമി പൂവത്താനിക്കുന്നേലിന് അഭിമാന നിമിഷം..
കാഞ്ഞിരപ്പള്ളി : ഇടിമിന്നലിൽ വീടു തകർന്ന് തരിപ്പണമായ പുത്തൻപുരയ്ക്കൽ വക്കച്ചനും കുടുംബാംഗങ്ങൾക്കും ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച പുതിയ വീട്ടിൽ ഇനി പേടിക്കാതെ അന്തിയുറങ്ങാം.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ പുതിയ ഭവനത്തിന്റെ താക്കോൽ വക്കച്ചനും കുടുബാംഗങ്ങൾക്കും കൈമാറി. പുതിയ വീട് നിർമ്മിക്കുവാൻ ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം റാണി ടോമി പൂവത്താനിക്കുന്നേൽ ചടങ്ങിൽ അധ്യക്ഷയായി.
ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്തുള്ള ചെറിയ കൂരയിൽ താമസിച്ചു കൊണ്ടിരുന്ന വക്കച്ചന്റെ വീടിന് ഇടിമിന്നലേറ്റ് തകർന്നിരുന്നു. രണ്ടു പശുക്കളെ വളർത്തിയാണു് വക്കച്ചനും ഭാര്യ സെലീനാമ്മയും മകൻ മെല്ലിയും ജീവിക്കുന്നത്. ഇടിമിന്നലിൽ തകർന്ന വീടിന് പകരം മറ്റൊരു വീടെന്ന സ്വപ്നം ബാക്കി നിൽക്കെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം റാണി ടോമിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മ എട്ടര ലക്ഷം രൂപ ചെലവഴിച്ച് പുതിയ വീട് നിർമ്മിച്ചത്. രണ്ടു മുറിയും ഹാളും അടുക്കളയും ശൗചാലയവും ഉൾപ്പെടെയുള്ള പുതിയ വീട് അങ്ങനെ യാഥാർത്ഥ്വമാകുകയായിരുന്നു. നാട്ടുകാരുടെ പങ്കാളിത്തതോടൊപ്പം കാഞ്ഞിരപ്പള്ളി സെൻറ്റ് ഡോമിനിക്സ് കോളേജിലെ എൻ എസ് എസ് യൂണിറ്റിലെ അംഗങ്ങളും, കപ്പാട് മാർ സീവ്ലാ ചർച്ച് കമ്മറ്റി , മറ്റ് ഉദാരമതികൾ വിവിധ സാമൂഹിക സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ വീട് നിർമ്മാണത്തിനായി ശ്രമദാനവും നടത്തിയിരുന്നു.
ടോമി പൂവത്താനിക്കുന്നേൽ, തോമസ് വെള്ളാപ്പള്ളി, മനോജ് തെക്കേടത്ത്, സജി ഇടമന, പോപ്പച്ചൻ കൈതക്കുളം, കുഞ്ഞേട്ടൻ ചെമ്പകത്തിനാൽ എന്നിവരടങ്ങിയ കമ്മിറ്റിക്കായിരുന്നു നിർമ്മാണ ചുമതല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഒന്നാം വാർഡ് മെമ്പർ റാണി ടോമി പൂവത്താനിക്കുന്നേൽ, രണ്ട് വർഷത്തിനിടയിൽ ജനകീയ പങ്കാളിത്തത്തോടെ രണ്ട് വീടുകൾ നിർമ്മിച്ചു നല്കി കാഞ്ഞിരപ്പള്ളിയിലെ ജനപ്രതിനിധികൾക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് .