ഓൺലൈൻ അദാലത്ത്: അപേക്ഷ നാളെ സ്വീകരിക്കും
കാഞ്ഞിരപ്പള്ളി: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ജില്ലാ കളക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിൽ 29ന് നടക്കുന്ന താലൂക്ക് തല ഓണ്‍ലൈൻ അദാലത്തുകളിലേക്കുള്ള പരാതികൾ നാളെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കും. അതാത് താലൂക്കിലെ അക്ഷയ കേന്ദ്രങ്ങൾ വഴി ഇ-ആപ്ലിക്കേഷൻ മുഖേനയാണ് പരാതികൾ സമർപ്പിക്കേണ്ടത്.
നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല. വീടും സ്ഥലവും ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായം, പ്രളയ ദുരിതാശ്വാസ സഹായം, റേഷൻ കാർഡ്, നിലം-തോട്ടം- പുരയിടം ഇനം മാറ്റം എന്നീ വിഭാഗങ്ങളിൽപ്പെട്ടവ ഒഴികെയുള്ള പരാതികളാണ് അദാലത്തിൽ പരിഗണിക്കുക. നേരിട്ട് പരാതിക്കാരുമായി സംസാരിക്കേണ്ട കേസുകളിൽ ജില്ലാ കളക്ടറോ ആർഡിഒമാരോ നിശ്ചിത തീയതികളിൽ വീഡിയോ കോണ്‍ഫറൻസ് നടത്തും. അപേക്ഷകർക്ക് വീഡിയോ കോണ്‍ഫറൻസിൽ പങ്കെടുക്കുന്നതിന് അതാത് മേഖലകളിലെ അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കും. മുൻകൂട്ടി അറിയിക്കുന്ന സമയത്ത് അപേക്ഷകർ അക്ഷയ കേന്ദ്രങ്ങളിൽ എത്തണം.