സാന്പത്തിക സെൻസസ്: ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
കോട്ടയം: ഏഴാമത് സാന്പത്തിക സെൻസസിന്റെ ഭാഗമായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടക്കുന്ന വിവരശേഖരണം സംബന്ധിച്ചു പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ എം. അഞ്ജന.
സാന്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനായാണ് സെൻസസ് നടത്തുന്നത്. നടപടികളുടെ സുതാര്യത സംബന്ധിച്ച് ചില മേഖലകളിലെ ജനങ്ങൾ ആശങ്ക അറിയിച്ച സാഹചര്യത്തിൽ ജില്ലാതല യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിർദിഷ്ട ഫോറം അടിസ്ഥാനമാക്കി മാത്രമാണു വിവരങ്ങൾ ശേഖരിക്കുന്നതെന്ന് ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. വിവരശേഖരണം സുഗമമായി പൂർത്തീകരിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തവുമുണ്ട്.
ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് എന്ന ഏജൻസിയുടെ കീഴിലുള്ള കോമണ്‍ സർവീസ് സെന്ററുകളെയാണ് ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുള്ളത്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാരും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥരും ഫീൽഡ് തല സൂപ്പർവൈസർമാരായി പ്രവർത്തിക്കുന്നു.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നേരിട്ടെത്തി ഷെഡ്യൂൾ 7.0 എന്ന ഫോറത്തിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
ആദ്യത്തെ 10 ചോദ്യങ്ങൾ വീടുകളുടെ അടിസ്ഥാന വിവരങ്ങളുമായി ബന്ധപ്പെട്ടവയാണ്. സംസ്ഥാനം, ജില്ല, താലൂക്ക്, ടൗണ്‍/ പഞ്ചായത്ത്, വിലാസം, താമസസ്ഥലം, കെട്ടിട നന്പർ, കെട്ടിടത്തിന്റെ ഉപയോഗം (താമസം/വാണിജ്യ ആവശ്യം), ഗൃഹനാഥന്റെ പേര്, ഗൃഹനാഥന്റെയോ കുടുംബാംഗങ്ങളിൽ ഒരാളുടെയോ മൊബൈൽ നന്പർ, കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബത്തിലെ സംരംഭകരുടെ വിവരം, ഭവന കേന്ദ്രീകൃത സംരംഭങ്ങളുടെ എണ്ണം എന്നിവയാണ് ഈ 10 ചോദ്യങ്ങളിലും ഉപവിഭാഗങ്ങളിലുമായി ഉൾപ്പെടുന്നത്.സംരംഭങ്ങൾ ഉള്ളവരിൽനിന്നു മാത്രമാണ് ഫോറത്തിലെ തുടർന്നുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ ശേഖരിക്കുക. സംരംഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ ഘട്ടത്തിൽ ജനങ്ങൾ നൽകേണ്ടത്. സംരംഭത്തിന്റെ സ്വഭാവം, വിശദാംശങ്ങൾ, ഉടമയുടെ വ്യക്തിവിവരങ്ങൾ, സംരംഭത്തിന്റെ പങ്കാളിത്ത പശ്ചാത്തലം, തൊഴിലാളികളുടെ വിശദാംശങ്ങൾ, വാർഷിക വരുമാനം, മറ്റുസ്ഥാപനങ്ങൾ, ശാഖകൾ, മുതൽ മുടക്കിന്റെ സ്രോതസ് തുടങ്ങി എഴുപതോളം ചോദ്യങ്ങൾ ഈ വിഭാഗത്തിലുണ്ട്. സാന്പത്തിക സെൻസസിന്റെ സമയപരിധി മാർച്ച് 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.