കോവിഡ് വാക്സിൻ കോട്ടയത്ത് എത്തി
കോട്ടയം: കോവിഡ് 19 പ്രതിരോധത്തിനുള്ള 29170 ഡോസ് കോവിഷീൽഡ് വാക്സിൻ കോട്ടയത്ത് എത്തി. എറണാകുളത്തുനിന്ന് ഒന്പത് കോൾഡ് ബോക്സുകളിലായി ഇന്നലെ വൈകുന്നേരം നാലിനാണു കോട്ടയം ജനറൽ ആശുപത്രിയിൽ വാക്സിൻ കൊണ്ടുവന്നത്.
ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. സി.ജെ. സിത്താരയുടെ നേതൃത്വത്തിൽ വാക്സിൻ ഏറ്റുവാങ്ങി. ജനറൽ ആശുപത്രിയിലെ വാക്സിൻ സ്റ്റോറിൽ ഐസ് ലൈൻഡ് റഫ്രിജറേറ്ററിൽ സൂക്ഷിക്കുന്ന വാക്സിന്റെ വിതരണം 16നാണ് ആരംഭിക്കുക. ദൂരെയുള്ള വിതരണ കേന്ദ്രങ്ങളിലേക്ക് 15നും മറ്റു കേന്ദ്രങ്ങളിലേക്ക് 16ന് രാവിലെയും കൊടുത്തയയ്ക്കും.
ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിക്കുന്നതിന് 23839 ആരോഗ്യപ്രവർത്തകർ എട്ടുവരെ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 31വരെ വിതരണം ചെയ്യുന്നതിനുള്ള വാക്സിനാണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഒരാൾക്ക് രണ്ടു ഡോസ് മരുന്നാണ് നൽകുക.