ബൈക്കിലെത്തിയ യുവാക്കൾ വാഹനം തടഞ്ഞു; വഴിയാത്രക്കാർ പരിഭ്രാന്തരായി
എരുമേലി: തിരക്കുള്ള റോഡിൽ ബൈക്കിലെത്തിയ യുവാക്കൾ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ബഹളം. ഡ്രൈവർക്ക് നേരെ അസഭ്യവർഷം നടത്തി. കൈയേറ്റം ചെയ്യാനും ശ്രമിച്ചു.
ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഓട്ടോറിക്ഷയിൽ യാത്രക്കാരും ഉണ്ടായിരുന്നു. ഓട്ടോറിക്ഷയ്ക്ക് കുറുകെ ബൈക്ക് നിർത്തി തടയുകയും അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയുമായിരുന്നെന്ന് സംഭവം കണ്ടുനിന്നവർ പറഞ്ഞു.
യുവാക്കളുടെ ബഹളം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വഴിയാത്രക്കാരെ ഭയചകിതരാക്കി. പ്രധാന പാതയിൽ അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു.
സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും യുവാക്കൾ പിൻവലിഞ്ഞു. സംഭവസ്ഥലത്ത് നൂറിലേറെ ആൾക്കാർ തടിച്ചുകൂടിയെങ്കിലും പ്രശ്‌നമുണ്ടാക്കിയവരുടെ പേര് പറയാൻ ആരും തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. ടൗണിൽ പ്രിയങ്ക ജങ്ഷനിൽ നിന്ന് നേർച്ചപ്പാറ റോഡിലൂടെയാണ് യുവാക്കൾ പോയതെന്നും ഓട്ടോറിക്ഷാ ഡ്രൈവർ പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം