കോവിഡ് വ്യാപന വർദ്ധന : കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ ..
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നിയന്ത്രണങ്ങളിലെ ഇളവ് രോഗ വ്യാപനത്തിനു കാരണമായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതോടൊപ്പം പ്രതിദിന പരിശോധന ഒരു ലക്ഷം ആക്കാനും തീരുമാനിച്ചു.
നിയന്ത്രണങ്ങളിൽ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും രോഗ വ്യാപനത്തിന് കാരണമാണെന്ന് യോഗം വിലയിരുത്തി. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ശാരീരിക അകലവും മാസ്‌കും നിർബന്ധമാക്കും. മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് പോലീസിനെ നിയോഗിക്കാനും തീരുമാനിച്ചു. കണ്ടെയിന്റ്‌മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായിരിക്കും. ഫെബ്രുവരി പകുതിയോടെ രോഗവ്യാപനം കാര്യമായി കുറയ്ക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്.
വിവാഹ ചടങ്ങുകളിലും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ഒരു കാരണവശാലും നൂറിലധികം പേർ ഒത്തുകൂടാൻ പാടില്ല. ടെസ്റ്റുകളിൽ 75 ശതമാനം ആർ.ടി.പി.സി.ആർ പരിശോധനയായിരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ, കശുവണ്ടി ഫാക്ടറി പോലെ തൊഴിലാളികൾ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്ന കേന്ദ്രങ്ങൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എല്ലാവരേയും ടെസ്റ്റ് ചെയ്യണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ സാഹചര്യത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള വാർഡുതല സമിതികൾ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ പുനഃസംഘടിപ്പിക്കണമെന്നും യോഗം നിർദ്ദേശിച്ചു.