പാറത്തോട്ടില്‍ പേപ്പട്ടികളുടെ ആക്രമണം ; ആറുപേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി

പാറത്തോട് : പാറത്തോട് ഒരുമനഗർ പുളിമൂട് കവലയുടെ സമീപത്ത് ബുധനാഴ്ച ഉച്ചയോടെ രണ്ടു പേപ്പട്ടികൾ നടത്തിയ ആക്രമണത്തിൽ 2 വയസ്സുള്ള ഒരു കുഞ്ഞുൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു. ഇവരിൽ ആറുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
അടുത്തുള്ള തോട്ടത്തിലേക്ക് കയറിപ്പോയ നായകളെ ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഏതു സമയത്തും പുറത്തുവന്നേക്കാവുന്ന പേപ്പട്ടികളെ പേടിച്ച് പ്രദേശവാസികൾ വീടുകൾക്കുള്ളിൽ കഴിയുകയാണ്.

ബുധനാഴ്ച ഉച്ചയോടെ പുളിമൂട് കവലയിൽ എത്തിയ രണ്ടു പേ ഇളകിയ നായകൾ മലയിൽ ഉദയൻ (50 ) മകൾ അനഘ (16 ) എന്നിവരെയാണ് ആദ്യം ആക്രമിച്ചത്. അനഘയെ നായകൾ ആക്രമിക്കുന്നത് കണ്ടു രക്ഷപെടുത്തുവാൻ എത്തിയപ്പോഴാണ് അനഘയുടെ പിതാവ് ഉദയന് കടിയേറ്റത്. മംഗലത്തിൽ ഡോക്ടർ മാത്യുവിന്റെ മകൾ ട്രീസ , ഷൈജു കുന്നുംപുറം (40 ), സുകുമാരൻ മിഷൻപറമ്പിൽ (70 ), ചരളയിൽ രാജിയുടെ മകൻ ജെസ്വിൻ (6 ) എന്നിവർ നായയുടെ കടിയേറ്റതോടെ കാഞ്ഞിരപ്പളി ജനറൽ ആശുപത്രിയിൽ ചികിത്സ , തേടിയെങ്കിലും, പേവിഷബാധയ്ക്കുള്ള മരുന്ന് ലഭ്യമല്ലാതിരുന്നതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

ശിശുപാലന്റെ മകൻ രണ്ടുവയസ്സുള്ള വിഷ്ണുവിന്റെ നേരെ കടിക്കുവൻ നായ ചാടിയെങ്കിലും, കുട്ടിയെ ശിശുപാലൻ പെട്ടെന്ന് ഉയർത്തിയതിനാൽ കുട്ടിയുടെ വസ്ത്രത്തിനാണ് കടിയേറ്റത്.

ആദ്യം രണ്ട് നായകൾ ഒരുമിച്ചു ആക്രമണം നടത്തിയതിനു ശേഷം, രണ്ടായി വഴി പിരിയുകയായിരുന്നു. ഒരു നായ ഒരുമ നഗറിലുള്ള പൊതു
ശ്മശാനത്തിന്റെ അടുത്തുള്ള തോട്ടത്തിലേക്ക് കയറിപ്പോയി. രണ്ടാമത്തെ നായ പുളിമൂട് ഭാഗത്തുള്ള ഒരു തോട്ടത്തിലേക്കാണ്‌ കയറിപോയത് . നാട്ടുകാർ ഒരുമിച്ചു ചേർന്ന് നായകളെ കീഴടക്കുവാൻ ശ്രമിച്ചുവെങ്കിലും, നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണം ഭയന്ന് അടുത്തേക്ക് ചെല്ലുവാൻ ആരും ധൈര്യപ്പെട്ടില്ല. തോട്ടത്തിലേക്ക് കയറിപ്പോയ നായകളെ ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഏതു സമയത്തും പുറത്തുവന്നേക്കാവുന്ന പേപ്പട്ടികളെ പേടിച്ച് പ്രദേശവാസികൾ വീടുകൾക്കുള്ളിൽ കഴിയുകയാണ്.

പഞ്ചായത്ത് മെമ്പർ ശശികുമാർ സ്ഥലത്തെത്തി കാര്യങ്ങൾ നിയന്ത്രിച്ചു .

അടുത്തുള്ള തോട്ടത്തിൽ രാത്രികാലങ്ങളിൽ ധാരാളമായി കണ്ടുവരുന്ന കുറുനരികൾ നായകളെ കടിച്ചതുമൂലം പേ പിടിച്ചതാണെന്ന് നാട്ടുകാർ പറയുന്നു.

error: Content is protected !!