വിലക്കുറവ്; കപ്പ വാട്ടലിലേക്ക് കൂടുതൽ കർഷകർ
കപ്പയുടെ വിലക്കുറവു മൂലം നാട്ടിൻപുറങ്ങളിലെ കൂടുതൽ കർഷകർ ഇത്തവണ കപ്പ വാട്ടലിലേക്കു തിരിയുന്നു. നാട്ടിൻപുറങ്ങളിൽ കപ്പ വാട്ടൽ സജീവമായിരിക്കുകയാണ്. അയൽവാസികളും തൊഴിലാളികളും മുതിർന്നവരും ഉൾപ്പെടെ ചേർന്നിരുന്നുള്ള കപ്പ അരിയലും വാട്ടലും നാട്ടിൻപുറങ്ങളിൽ വീണ്ടും കാർഷികനന്മയുടെ കാഴ്ചകളും ഒരുക്കുന്നു. ലോക്ഡൗൺ കാലത്തു മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കപ്പക്കൃഷി വ്യാപകമായി നടന്നിരുന്നു. ഉൽപാദനം കൂടിയപ്പോൾ കപ്പയ്ക്കു വില കുത്തനെ ഇടിഞ്ഞു.
കിലോയ്ക്കു 10 രൂപയാണു കർഷകർക്കു ലഭിച്ചത്. ഇതോടെ കർഷകർ വിഷമത്തിലായി. കാർഷിക ലേലവിപണികളിൽ പോലും കപ്പ എടുക്കുന്നതു നിർത്തുകയും ചെയ്തു. ഇതോടെ കപ്പ വാട്ടി ഉണക്കു കപ്പയാക്കാൻ കർഷകർ തീരുമാനിച്ചു. വേനൽ മഴ ചതിക്കില്ലെന്ന വിശ്വാസത്തിൽ കപ്പ വാട്ടൽ വിവിധ കപ്പക്കാലകളിൽ സജീവമായ കാഴ്ചയാണ്. കപ്പ അരിയുന്നവർക്കു പങ്കിന് ഉണക്കുകപ്പ നൽകിയാണു മിക്കയിടത്തും കപ്പ വാട്ടൽ നടക്കുന്നത്. മിക്കയിടത്തും സ്ത്രീകളുടെ നേതൃത്വത്തിലാണു കപ്പ അരിയിൽ.
അരിയുന്ന മുറയ്ക്കു തിളച്ച വെള്ളത്തിൽ പച്ചക്കപ്പ ഇട്ടു വാട്ടിയെടുക്കുന്നു. ഒരുക്കിയിട്ടിരിക്കുന്ന സ്ഥലങ്ങളിലും വീടുകളുടെ മുറ്റത്തും ടെറസുകളിലുമായി വാട്ടിയ കപ്പ ഉണക്കിയെടുക്കും. അകലക്കുന്നം പഞ്ചായത്തിലെ കാഞ്ഞിരമറ്റത്തു കർഷകരുടെ നേതൃത്വത്തിൽ കപ്പ ഉണക്കി നൽകുന്ന ഡ്രയർ സംവിധാനം ഉണ്ട്. ഇവിടെയും രാപകൽ വ്യത്യാസമില്ലാതെ കപ്പ വാട്ടൽ നടക്കുന്നു.