പൂഞ്ഞാറിൽ ഭൂരിപക്ഷം പതിനായിരം, കാഞ്ഞിരപ്പള്ളിയിൽ പതിനയ്യായിരം .. കോട്ടയം ജില്ലയിൽ രണ്ട് സീറ്റുകളൊഴികെ എല്ലാം വിജയിക്കുന്ന സാഹചര്യമെന്ന് സിപിഎം വിലയിരുത്തുന്നു .
കോട്ടയം ജില്ലയിൽ രണ്ട് സീറ്റുകള്‍ ഒഴികെ എല്ലാം വിജയിക്കാവുന്ന സാഹചര്യമെന്ന് സി.പി.എം. വിലയിരുത്തല്‍. കോട്ടയം, പുതുപ്പള്ളി എന്നിവയാണ് യു.ഡി.എഫിന് മേല്‍കൈയുള്ളത്. ഇതില്‍ കോട്ടയത്ത് നേരിയ വ്യത്യാസമേ ഉണ്ടാകൂവെന്നും നേരിയ തരംഗം പോലും വിജയം സമ്മാനിക്കുമെന്നും പാര്‍ട്ടി കരുതുന്നു.
തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടതുമുന്നണിക്കുള്ള ഏറ്റവും വലിയ വിജയമായിരിക്കും ഇക്കുറി ഉണ്ടാവുകയെന്നാണ് ബൂത്ത്തലങ്ങളില്‍നിന്നുള്ള കണക്ക് സമാഹരിച്ച് പാര്‍ട്ടി കണക്കാക്കുന്നത്. പാലാ(16000), കടുത്തുരുത്തി(10000), പൂഞ്ഞാര്‍ (10000), കാഞ്ഞിരപ്പള്ളി (15000), ചങ്ങനാശേരി(5000), വൈക്കം (20000), ഏറ്റുമാനൂര്‍(9000) എന്നിങ്ങനെയാണ് ഭൂരിപക്ഷം കിട്ടാവുന്നത്. പുതുപ്പള്ളിയില്‍ 5000, കോട്ടയം 3000 എന്നിങ്ങനെ പിന്നിലാണ്.
ബൂത്ത്തല വിശകലനങ്ങളില്‍ യു.ഡി.എഫ്. സ്വാധീനകേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടുണ്ടെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ഇവിടെയെല്ലാം ഇടത് വോട്ടുകള്‍ വന്നിട്ടുണ്ട്. ഇടത് സ്വാധീനമേഖലകളില്‍ മുഴുവന്‍ വോട്ടുകളും പെട്ടിയിലെത്തിച്ചു. ന്യൂനപക്ഷവോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷവിഭാഗവും ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു. ശബരിമല ചര്‍ച്ച കാര്യമായ സ്വാധീനമുണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പ്രചാരണവും ക്ഷേമപ്രവര്‍ത്തനങ്ങളും നേട്ടമായെന്നും അവര്‍ കരുതുന്നു. എല്ലാ സീറ്റുകളും ജയിക്കുമെന്നാണ് സി.പി.എം. ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം.