അന്ധതയെ തോൽപ്പിച്ച് പരീക്ഷയെഴുതി
കാഞ്ഞിരപ്പള്ളി: അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരങ്ങളെ തൊട്ടും കേട്ടും പഠിച്ച് കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്‌കൂളിൽ മൂന്ന് വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി.
നെയ്യാറ്റിൻകര കോഹിനൂർ എ.എസ്.ആദിത്യൻ, കാരിക്കോട് നടുവീട്ടിൽ അമ്മു ബിജു, മണിമല ആലപ്ര വെച്ചുകുന്നേൽതടത്തിൽ അഖില എസ്.ലക്ഷ്‌മി എന്നിവരാണ് സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയത്.
ഒന്നുമുതൽ ഏഴുവരെ കാളകെട്ടി അസ്സീസി അന്ധവിദ്യാലയത്തിലും ഹൈസ്‌കൂൾ പഠനം കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ സ്‌കൂളിലുമായിരുന്നു. ബ്രെയിൽ ലിപിയിലുള്ള പുസ്തകങ്ങളുടെ സഹായത്തോടെയാണ് ഇവർ പഠിച്ചത്. ഇത്തവണ വിക്ടേഴ്‌സ് ചാനലിലൂടെയും സ്‌കൂളിൽനിന്ന് നൽകിയ ഓൺലൈൻ ക്ലാസുകൾ കേട്ടുമാണ് പരീക്ഷയെഴുതിയത്. പഠനത്തിനായി ബി.ആർ.സി.യിൽനിന്ന് ടാബും ലഭിച്ചു.
പഠനത്തിൽ മാത്രമല്ല കലാരംഗത്തും ഇവർ കഴിവ് തെളിയിച്ചിട്ടുണ്ട്. ആദിത്യൻ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മിമിക്രിയിലും ലളിതഗാനത്തിലും സമ്മാനം നേടിയിരുന്നു. അമ്മു നാടോടിനൃത്തത്തിലും സമ്മാനം കരസ്ഥമാക്കിയിരുന്നു.
പാഠ്യവിഷയങ്ങൾക്കുപുറമെ സംഗീതം, കരകൗശലനിർമാണം, സംഗീതോപകരണ പഠനം തുടങ്ങിയവയ്ക്കും പ്രത്യേക പരിശീലനം അസ്സീസി സ്‌കൂളിൽ നൽകുന്നുണ്ട്. അസ്സീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമാകുലേറ്റ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് അസ്സീസി സ്‌കൂളിന്റെ പ്രവർത്തനം.