യൂസഫലിയെ വൻ അപകടത്തിൽ നിന്നും രക്ഷിച്ച ധീരനായ ആ പൈലറ്റ് ചിറക്കടവുകാരൻ കെ.ബി.ശിവകുമാർ

പൊൻകുന്നം: പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടർന്ന്, എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പിൽ ഇടിച്ചിറക്കേണ്ടി വന്നിരുന്നു. വളരെ അപകടകരമായ ആ സാഹചര്യത്തിൽ, മനോധൈര്യം കൈവിടാതെ ഹെലികോപ്റ്റർ വിദഗ്‌ധമായി നിയന്ത്രിച്ച് വൻ ദുരന്തം ഒഴിവാക്കിയ പൈലറ്റിന് അനുമോദന പ്രവാഹമാണ് ലഭിച്ചത്. ആറുപേരുടെ ജീവൻ രക്ഷിച്ച ആ ധീരനായ പൈലറ്റ് ചിറക്കടവ് കോയിപ്പുറത്ത് മഠത്തിൽ ഭാസ്‌കരൻനായരുടെയും ഭവാനിയമ്മയുടെയും മകനായ റിട്ട.എയർഫോഴ്‌സ് വിങ് കമാൻഡറായ കെ.ബി.ശിവകുമാറാണ് .

ശിവകുമാറിന്റെയും സഹപൈലറ്റിന്റെയും ധീരതയിൽ ആറുപേരുടെ ജീവൻ രക്ഷപെട്ടപ്പോൾ അഭിമാനം ചിറക്കടവ് ഗ്രാമത്തിനുകൂടി സ്വന്തമായിരിക്കുകയാണ്.

ഇറ്റലിയിൽ നിന്ന് മുൻപ് ഇതേ ഹെലികോപ്ടർ യൂസഫലിക്കായി എത്തിച്ചതും റിട്ട.എയർഫോഴ്‌സ് വിങ് കമാൻഡറായ ശിവകുമാറാണ്.

എയർഫോഴ്‌സിൽ നിന്ന് നേടിയ വൈദഗ്ധ്യമാണ് ശിവകുമാറിനെ അപകടസാഹചര്യത്തിൽ മനോധൈര്യം കൈവിടാതെ തുണച്ചത്. അപകടം കഴിഞ്ഞയുടൻ അദ്ദേഹം വീട്ടിലേക്ക് വിളിച്ചതായും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചതായും ജ്യേഷ്ഠൻ ശശികുമാർ പറഞ്ഞു. റണ്ണിംഗ് എൻജീൻ നിന്നപ്പോൾ, അഡീഷണൽ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ നോക്കി. എന്നാൽ വിജയിക്കാതെ വന്നതോടെ അടിയന്തരമായി ലാന്റ് ചെയ്യുകയായിരുന്നുവെന്ന് ശിവകുമാർ അറിയിച്ചു.

സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഡെൽഹിയിൽ റെലിഗേർ എന്ന ഫ്‌ളൈറ്റ് കമ്പനിയിൽ ജോലി ചെയ്തു. അക്കാലത്ത് ഡെൽഹിയിൽ വി.വി.ഐ.പി.മാരുടെ ഫ്‌ളൈറ്റ് പറത്തലായിരുന്നു പ്രധാന ചുമതല. നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലുപ്രസാദ് യാദവ് തുടങ്ങിയവരുടെ യാത്രകളിൽ പൈലറ്റായി ശിവകുമാർ സേവനം ചെയ്തു.

പിന്നീട് യൂസഫലിയുടെ പൈലറ്റായി സേവനം തുടങ്ങി. എറണാകുളത്താണിപ്പോൾ താമസം. ബിന്ദുവാണ് ഭാര്യ. രണ്ട് മക്കളിൽ മൂത്തയാൾ തുഷാർ കാനഡയിൽ എൻജിനീയറാണ്. ഇളയമകൻ അർജുൻ
എയറോനോട്ടിക്കൽ എൻജിനീയറിംഗ് പഠനം കഴിഞ്ഞു.

error: Content is protected !!