കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നോൺ വെജ് വിതരണം നൂറാം ദിവസത്തിലേക്ക് :
മുണ്ടക്കയം: മുണ്ടക്കയത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് കേരള വ്യാപാരി വ്യവസായി സമിതി മുണ്ടക്കയം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സൗജന്യ നോൺ വെജ് വിതരണം 12ന് 100 ദിവസം പൂർത്തിയാകും. ജനുവരി മൂന്നിന് ആരംഭിച്ച വിതരണം ഒരു ദിവസം പോലും മുടങ്ങിയിട്ടില്ലെന്നും വിശേഷ ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഉൾപ്പെടെ നൽകിയിട്ടുണ്ടെന്നും യൂണിറ്റ് പ്രസിഡന്റ് അനിൽ സുനിത പത്രസമ്മേളനത്തിൽ അറിയിച്ചു.
12ന് രാവിലെ 10.30 ന് മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ നൂറാം ദിന ആഘോഷം നടക്കും. കെഎസ്വിവിഎസ് സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു കോവിഡ് രോഗികൾക്കുവേണ്ടി കേക്ക് മുറിക്കും. പഞ്ചായത്തു പ്രസിഡന്റ് രേഖദാസ്, മെംബർ ബെന്നി ചേറ്റുകുഴി, ആശുപത്രി സൂപ്രണ്ട് ഡോ. മാത്യു തുടങ്ങിയവർ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു. എന്നാൽ ഇനിയും നോൺ വെജ് വിതരണം തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഏപ്രിൽ 17 വരെ മുണ്ടക്കയത്തു സ്പോൺസർമാരുണ്ട്. വരും ദിവസങ്ങളിൽ നോൺ വെജ് വിതരണം തുടരുവാൻ വേണ്ട സഹായങ്ങൾ കൂടുതൽ ആളുകളിൽ നിന്നും ഉണ്ടാവണമെന്നും കേരള വ്യാപാരി വ്യവസായി സമിതി മുണ്ടക്കയം യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. യൂണിറ്റ് രക്ഷാധികാരി സി. വി അനിൽകുമാർ, സെക്രട്ടറി എം.കെ. നജീബ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.