അകക്കണ്ണിന്റെ വെളിച്ചത്തിൽ അവർ പരീക്ഷയെഴുതി
കാഞ്ഞിരപ്പള്ളി: അന്ധതയെ തോല്പിച്ച് അകക്കണ്ണിന്റെ വെളിച്ചത്തിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയല്‍ ഹൈസ്കൂളില്‍ മൂന്ന് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതി. നെയ്യാറ്റിന്‍കര കോഹിനൂര്‍ എ.എസ്. ആദിത്യന്, കാരിക്കോട് നടുവീട്ടില്‍ അമ്മു ബിജു, മണിമല ആലപ്ര വെച്ചുകുന്നേല്തടത്തില് അഖില എസ്. ലക്ഷ്മി എന്നിവരാണ് സ്ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയത്.
ഒന്നു മുതല്‍ ഏഴ് വരെ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലും ഹൈസ്കൂള്‍ പഠനം കാളകെട്ടി അച്ചാമ്മ മെമ്മേറിയല്‍ സ്കൂളിലുമായിരുന്നു. ഇത്തവണ വിക്ടേഴ്സ് ചാനലിലൂടെയും സ്കൂളില്‍ നിന്ന് നല്കിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേട്ടും ബ്രെയില്‍ ലിപിയിലുള്ള പുസ്തകങ്ങളുടെ സഹായത്തോടെയുമാണ് ഇവര്‍ പഠിച്ചത്. പഠനത്തിനായി ബിആര്‍സിയില്‍ നിന്നു ടാബും ലഭിച്ചു. പാഠഭാഗങ്ങളുടെ ഓഡിയോ ക്ലിപ്പുകളും സഹായത്തിനായി ലഭിച്ചിരുന്നു. സംശയങ്ങള്‍ തീര്‍ക്കുന്നതിനായി അച്ചാമ്മ മെമ്മോറിയല്‍ സ്കൂളിലെ അധ്യാപകരും ഒപ്പം നിന്നു.
പഠനത്തിനുമപ്പുറം ഇവർ കലാരംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. ആദിത്യന് സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മിമിക്രിയിലും ലളിതഗാനത്തിലും സമ്മാനം നേടിയിരുന്നു. അമ്മു നാടോടി നൃത്തത്തിലും സമ്മാനം കരസ്ഥമാക്കിയിരുന്നു. പാഠ്യ വിഷയങ്ങള്‍ക്ക് പുറമെ സംഗീതം, കരകൗശല നിര്‍മാണം, സംഗീത ഉപകരണ പഠനം തുടങ്ങിയവയ്ക്കും പ്രത്യേക പരിശീലം അസീസി സ്കൂളില്‍ നല്‍കുന്നുണ്ട്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാകുലേറ്റ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തിലാണ് അസീസി സ്കൂളിന്റെ പ്രവര്‍ത്തനം.