കോവിഡ്; മുണ്ടക്കയം പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ
മുണ്ടക്കയം: ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുണ്ടക്കയം പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിൽ. പോസ്റ്റ് മാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും മറ്റു ജീവനക്കാര്‍ ക്വാറന്റൈനില്‍ പോകുകയും ചെയ്തോടെയാണ് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലായത്. വ്യാഴാഴ്ച നാലുപേര്‍ക്കും വെള്ളിയാഴ്ച ഒരാള്‍ക്കുമാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
ഇതിനിടെ കാഞ്ഞിരപ്പളളി ഹെഡ്പോസ്റ്റോഫീസ്, മുക്കൂട്ടുതറ എന്നിവിടങ്ങളില്‍ജോലി ചെയ്തിരുന്ന രണ്ടുപേരെ ഇങ്ങോട്ടു അടിയന്തരമായി പോസ്റ്റ് ചെയ്തെങ്കിലും ശുചീകരിക്കാത്ത പോസ്റ്റോഫീസിനുളളില് ഇവര്‍ക്കു പ്രവേശിക്കാനായിട്ടില്ല. ജോലിക്കെത്തിയ രണ്ടു വനിതാ ജീവനക്കാരും പോസ്റ്റോഫീസിന്റെ ഒരുവശത്തെ വരാന്തയില്‍ ഇരിക്കേണ്ട അവസ്ഥയിലാണ്.
കൊറോണ ബാധിതര്‍ കൂട്ടത്തോടെ ജോലിചെയ്തിരുന്ന ഓഫീസ് ശുചീകരിക്കാന്പോലും തയാറാകാത്ത പോസ്റ്റല്‍ മേലുദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ജോലിക്കെത്തിയ സ്ത്രീകളായ ജീവനക്കാര്‍ക്കു ശുചീകരിക്കാത്ത മുറിയില്‍ ഇരുന്നു ജോലി ചെയ്യാന്‍ ഭീതിയാണ്. എന്നാല്‍ അത് പരിഗണിക്കാതെ ഇവര്‍ക്കു ജോലി നിര്‍ദേശിച്ച ഉദ്യാഗസ്ഥര്‍ ഇവിടെ സന്ദര്‍ശിക്കാന്‍ പോലും തയാറായിട്ടില്ല. ഓഫീസ് പൂര്‍ണമായും ശുചീകരിച്ചതായാണ് തനിക്ക് റിപ്പോർട്ട് ലഭിച്ചതെന്ന് ചങ്ങനാശേരി പോസ്റ്റല്‍ സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ കോവിഡ് ബാധിതനായ പോസ്റ്റ് മാസ്റ്റര്‍ വെളളിയാഴ്ചയാണ് ഓഫീസിന്റെ താക്കോല്‍ കൈമാറിയത്. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകർ ചോദിച്ചെങ്കിലും ജീവനക്കാര്‍ കൃത്യമായ മറുപടി നൽകിയില്ല.
മുണ്ടക്കയത്ത് രോഗം പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഇരുപതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്ന്നു കഴിഞ്ഞ ദിവസം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കാര്യാലയവും അടച്ചുപൂട്ടിയിരുന്നു.