കാഞ്ഞിരപ്പള്ളി ബൈപ്പാസ്: സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ ഗസറ്റ് വിജ്ഞാപനമായി, നാല് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കുമെന്ന് ഡോ. എൻ.ജയരാജ് എം.എൽ.എ.
കാഞ്ഞിരപ്പള്ളി: ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കുന്നതിനായുള്ള അന്തിമ ഗസറ്റ് വിജ്ഞാപനമായി. വിജ്ഞാപനം പരസ്യപ്പെടുത്തിയതിന് ശേഷം മറ്റ് പരാതികളില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ ഏറ്റെടുക്കുവാനുള്ള സ്ഥലത്തിന്റെ വില നിർണയ നടപടികളിലേക്ക് കടക്കുമെന്ന് ഡോ. എൻ.ജയരാജ് പറഞ്ഞു.
റവന്യൂ അധികൃതർ നിശ്ചയിക്കുന്ന വില സർക്കാർ അംഗീകരിച്ചശേഷം സ്ഥലം ഉടമകൾക്ക് വിലനൽകി സ്ഥലം ഏറ്റെടുക്കാനാകും. സ്ഥലമേറ്റെടുക്കൽ നടപടികൾക്കുൾപ്പെടെ കിഫ്ബിയിൽനിന്നു 78.69 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.
ബൈപ്പാസ് കടന്നുപോകുന്ന 41 റീ സർവേ നമ്പരുകളിലുള്ള 3.4984 ഹെക്ടർ സ്ഥലമാണ് ബൈപ്പാസിനായി ഏറ്റെടുക്കേണ്ടത്.
ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പടിക്കലിൽനിന്ന് ആരംഭിച്ച് ടൗൺ ഹാൾ പരിസരത്ത് കൂടി റാന്നി ആശുപത്രി പടിക്കും ഫാബിസ് ഓഡിറ്റോറിയത്തിനും സമീപം ദേശീയ പാതയിൽ ചെന്നിറങ്ങുന്നതാണ് നിർദിഷ്ട ബൈപ്പാസ്.
ചിറ്റാർ പുഴയ്ക്ക് മുകളിലൂടെ ഫ്‌ളൈ ഓവറും ദേശീയപാത സംഗമിക്കുന്ന സ്ഥലങ്ങളിൽ റൗണ്ടാനകളും നിർമിക്കും. 1.65 കിലോമീറ്റർ ദൂരത്തിൽ 15 മീറ്റർ വീതിയിലുമാണ് ബൈപ്പാസ് നിർമിക്കുന്നത്.
സാമൂഹികാഘാത പഠനങ്ങളടക്കം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2008-ൽ സർക്കാരിന്റെ അനുമതി ലഭിച്ച ബൈപ്പാസ് പിന്നീട് നിയമക്കുരുക്കളിൽപ്പെട്ട് സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ നീണ്ടു പോവുകയായിരുന്നു. കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ് ശ്വാശത പരിഹാരമാകും.
കോവിഡ് പ്രതിസന്ധി നീണ്ടുപോയില്ലെങ്കിൽ നാല് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുത്ത് ടെൻഡർ നടപടികളിലേക്ക് കടക്കാനാകുമെന്ന് ഡോ. എൻ.ജയരാജ് എം.എൽ.എ. അറിയിച്ചു.