അർഹിച്ച പ്രൊമോഷൻ ലഭിച്ചത് സർവീസിന്റെ അവസാന ദിവസം; കാഞ്ഞിരപ്പള്ളിയിലെ മുൻ തഹസിൽദാർ ജി . അജിത്കുമാർ വിരമിച്ചത് സബ് കളക്ടർ റാങ്കോടെ ..
കാഞ്ഞിരപ്പള്ളി : കോവിഡിന്റെ തുടക്ക കാലത്ത് കാഞ്ഞിരപ്പള്ളി താലൂക്കിനെ സുരക്ഷിതമായി നിയന്ത്രിച്ച് കോവിഡ് രോഗപകർച്ച ഒഴിവാക്കുന്നതിൽ വലിയ പങ്കുവഹിച്ച് , കൈയടി നേടിയ കാഞ്ഞിരപ്പള്ളിയിലെ മുൻ തഹസിൽദാർ ജി. അജിത്കുമാറിന് അർഹതപ്പെട്ട പ്രൊമോഷൻ ലഭിച്ചത് സർവീസിന്റെ അവസാന ദിവസങ്ങളിൽ. സബ് കളക്ടർ റാങ്കോടെ കൊല്ലം അർഡിഒ ആയി തിങ്കളാഴ്ച രാവിലെ ചുമതലയേറ്റ അദ്ദേഹം വൈകുന്നേരം അഞ്ചു മണിയോടെ സർവീസിൽ നിന്നും റിട്ടയർ ചെയ്തു.
31 വർഷം മുമ്പ് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ ലോവർ ഡി വിഷൻ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച കാഞ്ഞിരപ്പള്ളി തമ്പലക്കാട് കൊന്നയ്ക്കപറമ്പിൽ ജി. അജിത്കുമാറിനാണ് അർഹതപ്പെട്ട പ്രൊമോഷനുവേണ്ടി അവസാന ദിവസം വരെ കാത്തിരിക്കേണ്ടിവന്നത്. മകന്റെ പ്രൊമോഷൻ കാണുവൻ സാധിക്കാതെ അജിത്കുമാറിന്റെ പിതാവ് കെ. എസ്. ഗോവിന്ദൻ നായർ (മുണ്ടക്കൽ ഗോപിസാർ) മരണമടഞ്ഞത് ഒരാഴ്ച്ച മുമ്പാണ്.
ഇടുക്കി, മലപ്പുറം, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ ജോലി ചെയ്തിരുന്ന അജിത് കുമാർ കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിന് മുമ്പു വരെ കാഞ്ഞിരപ്പള്ളി തഹസിൽദാരായി ജോലി ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പോടെ കോട്ടയം സ്പഷ്യൽ തഹസിൽദാരായി സ്ഥലം മാറി പോയി. ഇവിടെ നിന്നുമാണ് കൊല്ലം ആർഡിഒ ആയതും ഇന്ന് റിട്ടയർ ചെയ്തതും.
ജോലിയിൽ നിന്നും വിരമിച്ചതോടെ സ്വന്തം കൃഷിയിടത്തിൽ കൃഷി പണി ചെയ്യാനാണ് തീരുമാനമെന്ന് അജിത് കുമാർ പറഞ്ഞു. പൊൻകുന്നം സർവ്വീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഗീതയാണ് ഭാര്യ. മക്കൾ : അരവിന്ദ്, ആനന്ദ്.