മലനാടിന്റെ ക്ഷീരകര്‍ഷകര്‍ക്ക് ലോകക്ഷീര ദിനത്തില്‍ സൗജന്യ കാലിത്തീറ്റയും, പാലിന് ബോണസും
കാഞ്ഞിരപ്പള്ളി: മലനാടിന്റെ കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ലോക ക്ഷീര ദിനത്തോടനുബന്ധിച്ച് ക്ഷീര കര്‍ഷകര്‍ക്ക് മലനാട് സൗജന്യമായി കാലിത്തീറ്റ നല്‍കുന്നതിന്റെ ഉദ്ഘാടനം പാറത്തോട് മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു.
കര്‍ഷകരുടെ ഇടയില്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്ന ഒരു വിഭാഗമാണ് ക്ഷീര കര്‍ഷകരന്നും അവരെ സഹായിക്കേണ്ടത് ഈ നാളുകളില്‍ അനിവാര്യമാണെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് വലിയ അതിജീവന സാധ്യതയും സഹായവും നല്‍കുന്ന മലനാട് ഡവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തിനു മുഴുവന്‍ സമീകൃത ആഹാരമായ പാല്‍ നല്‍കുന്ന സാധാരണക്കാരായ ക്ഷീര കര്‍ഷകരെ ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യുന്നതോടൊപ്പം അവര്‍ക്കായി രണ്ടു ലക്ഷത്തോളം കിലോ കാലിത്തീറ്റയും ലോക്ഡൗണ്‍ കാലത്ത് കര്‍ഷകര്‍ അളന്ന ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതം ഇന്‍സെന്റീവും നല്‍കുമെന്നും മലനാട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ചെറുകിട കര്‍ഷകരുടെ സംരക്ഷണത്തിനും ഉയര്‍ച്ചയ്ക്കുമായി മലനാട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് അധ്യക്ഷതവഹിച്ച രൂപത വികാരി ജനറാളും എംഡിഎസ് പ്രസിഡന്റുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അഭിപ്രായപ്പെട്ടു.
എംഡിഎസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍ പങ്കെടുത്തു.