ചക്ക, പച്ചക്കപ്പ, ഉണക്കകപ്പ, തേങ്ങ, പാൽ, കൈതച്ചക്ക.. നാടൻ വിഭഭവങ്ങൾ ശേഖരിച്ച് സമൃദ്ധമായി എത്തിച്ച് അഞ്ചലിപ്പയ്ക്ക് കരുതലായി വാർഡ് മെമ്പർ റിജോ വാളാന്തറയും സംഘവും ..
കാഞ്ഞിരപ്പള്ളി : കോവിഡ് ദുരിതകാലത്ത്, നാട്ടിൽ കിട്ടുന്ന വിഭവങ്ങൾ ഉപയോഗിച്ച്, ഓരോ കുടുബവും അല്ലലില്ലാതെ കഴിയേണ്ടതെങ്ങനെയെന്ന് കാണിച്ചുകൊടുക്കുകയാണ് കാഞ്ഞിരപ്പള്ളി പഞ്ചയത്തിലെ അഞ്ചിലിപ്പ വാർഡിന്റെ മെമ്പർ റിജോ വാളാന്തറ. സാമ്പത്തികം അധികം ചെലവാക്കാതെ, നമ്മുടെ നാടിന്റെ സ്വന്തം വിഭവങ്ങളായ ചക്ക, പച്ചക്കപ്പ, ഉണക്കകപ്പ, തേങ്ങ, പാൽ, കൈതച്ചക്ക മുതലായവ, സന്നദ്ധപ്രവർത്തകരിലൂടെ നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച്, വാർഡിലെത്തിച്ചു സൗജന്യമായി വിതരണം ചെയ്യുന്നതിലൂടെ നമ്മുടെ നാട് അടിയന്തിരഘട്ടങ്ങളിൽ പിടിച്ചുനിൽക്കുവാൻ സ്വയം പര്യാപ്‌തമാണ് എന്നും കൂടി തെളിയിക്കുകയാണ് അദ്ദേഹം.
23 ദിവസമായി കണ്ടയ്മെൻ്റ് സോണായി തുടരുന്ന വാർഡിലെ ഓരോ ആവശ്യങ്ങൾക്കും സന്നദ്ധ പ്രവർത്തകർ സദാ സജീവമാണ്. ഭക്ഷ്യ കിറ്റുകളും, മരുന്നും അടക്കം യഥാസമയം എത്തിച്ച് നൽകുക വഴി ഓരോ കുടുംബത്തിൻ്റെയും ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ഇവരുടെ പ്രവർത്തനം.
രണ്ടു തവണ വീതം പച്ചക്കറി, പലവ്യജ്ഞനകിറ്റുകൾ കോവിഡിൻ്റെ കഷ്ടതയനുഭവിക്കുന്ന ഒരോ കുടുംബത്തിലും എത്തിച്ച് നൽകി.14 കൂട്ടം പല വ്യജ്ഞനങ്ങളും, 12 കൂട്ടം പച്ചക്കറികളും അടങ്ങിയ കിറ്റുകളാണ് നൽകിയത്. ഇത് കൂടാതെ പച്ചക്കപ്പ, ഉണക്ക കപ്പ, തേങ്ങ, പാൽ, ബ്രഡ്, കൈതച്ചക്ക എന്നിവയും എത്തിച്ച് നൽകി.കൂടാതെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശേഖരിച്ച ചക്കയും വിതരണം ചെയ്തു.
ആശാവർക്കറുടെ നേതൃത്വത്തിൽ മരുന്നുകൾ ആവശ്യമുള്ളവർക്ക് സൗജന്യമായാണ് എത്തിച്ച് നൽകുന്നത്.. ലോക്ക് ഡൗൺ സമയത്ത് ആവശ്യമുള്ളവർക്ക് മൊബൈൽ ഫോൺ റീചാർജ് മുതൽ, കേബിൾ ടിവി റീചാർജ് വരെ ചെയ്ത് കൊടുത്തത് വാർഡ് മെമ്പർ സ്വന്തം കൈയിലെ പണം ഉപയോഗിച്ചാണ്. രോഗികളെ കൊണ്ടുപോകാനും കൊണ്ടുവരുവാനുമായി വാഹനസൗകര്യമടക്കം ഇരുപത്തിനാല് മണിക്കൂറും വാർഡിൽ സജ്ഞമാക്കിയിട്ടുണ്ട്.
വിവിധ രാഷ്ട്രീയ പാർട്ടികളിലെ അടക്കം യുവാക്കൾ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയം മറന്ന് നാടിനായി ഓടുന്ന കാഴ്ചയാണ് അഞ്ചലിപ്പയിലേത്.