ഭാര്യയുമായി വഴക്കിട്ട യുവാവ് കിണറ്റിൽ ചാടി : ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി
എരുമേലി : ഭാര്യയുമായുള്ള പിണക്കത്തിൽ പെട്ടന്നുണ്ടായ മനോവിഷമം മൂലം അടുത്തുള്ള വീട്ടുകാരുടെ കിണറിൽ ചാടിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ രക്ഷിച്ചു കരയിൽ കയറ്റിയത് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ.
എരുമേലി സെന്റ് തോമസ് സ്‌കൂൾ ജങ്ഷന് സമീപം വസ്ത്രങ്ങൾ അലക്കി തേച്ചുകൊടുക്കുന്ന സ്ഥാപനം നടത്തുന്ന തമിഴ്‌നാട് സ്വദേശി വീരമണി(32)യാണ് സമീപമുള്ള പുത്തൻവീട് റഷീദിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ചുറ്റുമറ ഇല്ലാത്ത 30 അടി താഴ്ചയും പത്ത് അടിയിലേറെ വെള്ളവുമുള്ള കിണറ്റിലേക്ക് വീരമണി ചാടിയത്.
വീഴ്ചയിൽ അൽപ്പം വെള്ളം കുടിക്കേണ്ടി വന്നെങ്കിലും കാര്യമായ പരിക്കേൽക്കാഞ്ഞതിനാൽ മരക്കൊമ്പിൽ പിടിച്ച് അര മണിക്കൂറിലേറെ വെള്ളത്തിൽ കഴിയേണ്ടി വന്നു. ഇതിനിടെ നിലവിളി കേട്ട് ഓടിയെത്തിയവർ രക്ഷിച്ച് കരയിൽ കയറ്റാൻ പല മാർഗങ്ങളും പയറ്റിയെങ്കിലും പ്രയോജനമുണ്ടായില്ല. നാട്ടുകാർ ഫയർ ഫോഴ്സ് അധികൃതരെ വിവരം അറിയിച്ചിരുന്നു.
കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് യുണിറ്റിലെ അസി. സ്റ്റേഷൻ ഓഫിസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ എത്തിയ സംഘം വലയും കയറും ഉപയോഗിച്ച് യുവാവിനെ സാഹസികമായി കരയിൽ കയറ്റുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി. ലീഡിങ് ഫയർമാൻ പി ബി തങ്കച്ചൻ, ടി എസ് സനൽ, എസ് കെ ഇന്ദ്രകാന്ത്, എം വി ശ്രീജിത്ത്, എസ് ആർ വിഷ്ണുമോഹൻ, എ ഡി സജി, ഡ്രൈവർ പി കെ സന്തോഷ് എന്നിവർ ഉൾപ്പെട്ട ഫയർ ഫോഴ്സ് സംഘം ആണ് രക്ഷാ പ്രവർത്തനം നടത്തിയത്.