എ.കെ.ജെ.എം. സ്കൂളിൽ ഓൺലൈനായി വായനാദിനം ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി: കോവിഡ് ലോക്ക്ഡൗൺ എ.കെ.ജെ.എം. സ്കൂളിൽ ഓൺലൈനായി വായനാവാരം സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയായ പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കരുടെ ചരമദിനം വായനദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ചു കലാസാഹിത്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച സ്കൂളിൽ വായനവാരമായി ആഘോഷിച്ചു.
ചെറുകഥാകൃത്തും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഷിഹാബുദീൻ പൊയ്ത്തുംകടവ്, എഴുത്തുകാരനും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി.കെ. പാറക്കടവ്, എ.കെ.ജെ.എം. സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി മിഷേൽ എലിസബത്ത്, ബാലസാഹിത്യകാരനും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം, ആലുവ യു.സി. കോളേജ് മലയാള വിഭാഗം അസ്സോസിയേറ്റ് പ്രൊഫസ്സറും, മഹിളാതിലകം അവാർഡ് ജേതാവുമായ മ്യുസ് മേരി ജോർജ്, ഗാനരചയിതാവും സിസിലിൻ അവാർഡ് ജേതാവുമായ ഫാ. ജോയ് ചെഞ്ചേരിൽ എം.സി.ബി.എസ്., സാഹിത്യകാരനും ഡി.സി. ബുക്ക്സ് ഔദ്യോഗിക ആഖ്യാതാവുമായ രാജേഷ് പുതുമന എന്നിവർ വിദ്യാർത്ഥികൾക്ക് വായനാദിന സന്ദേശങ്ങൾ നൽകി.
AKJM നാടകസമിതിയ്ക്ക് അച്യുതൻ സാർ നേതൃത്വം നല്കിയ കഥാപാത്രആവിഷ്ക്കാരം ഹൃദ്യമായ ദൃശ്യവിരുന്നായിരുന്നു.
കലാലയ അന്തരീക്ഷത്തിൽനിന്നും കൂട്ടുകാരിൽനിന്നും അകന്നു വീടുകളിൽ ഒതുങ്ങിക്കൂടേണ്ടിവന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ ജീവിതം അർത്ഥവത്തും സന്തോഷകരവും ആക്കി മാറ്റാൻ പുസ്തകങ്ങളെ കൂട്ടുപിടിക്കാനും വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനും ലക്ഷ്യമിട്ടായിരുന്നു ഈ പരിപാടി എന്ന് സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.അഗസ്റ്റ്യൻ പീടികമല എസ്.ജെ. പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഫാ ലിന്റോ ആന്റോ എസ്.ജെ. പരിപാടികൾക്കു നേതൃത്വം നൽകി.