കോവിഡ് മുന്നണിപ്പോരാളികൾക്ക് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ” സല്യൂട്ട് ”
കാഞ്ഞിരപ്പള്ളി : സമാനതകളില്ലാത്ത കോവിഡ് പ്രതിസന്ധിക്കു മുൻപിൽ പകച്ചു നിന്ന ജനകോടികൾക്ക് ആശയും ആവേശവും ആത്മവീര്യവും പകർന്ന ക്ഷേമ പ്രവർത്തനങ്ങളിലൂടെ നേതൃത്വം നല്കിയത് കോവിഡ് മുന്നണിപ്പോരാളികളാണ്. ഇവരുടെ ത്യാഗസന്നദ്ധതയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് ലോക്ഡൗൺ കാലത്ത് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ തയാറാക്കിയ കൈയെഴുത്തുമാസികയാണ് സല്യൂട്ട്.’
കോവിഡാനുബന്ധ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഏറ്റവുമധികം സംഭാവന നല്കിയ, ഇന്ത്യൻ വ്യവസായ രംഗത്തെ അതികായനും ടാറ്റാ ഗ്രൂപ്പ് ചെയർമാനുമായ ശ്രീ. രത്തൻ ടാറ്റയ്ക്കുള്ള സമർപ്പണം കൂടിയായി ഈ മാഗസിൻ മാറുന്നുവെന്നത് ‘യഥാർത്ഥ ഇന്ത്യക്കാരൻ’, ‘യഥാർത്ഥ മനുഷ്യ സ്നേഹി’ എന്ന് പ്രശംസിക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളോടുള്ള സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ഐക്യദാർഢ്യ പ്രഖ്യാപനമാണ്.
‘സല്യൂട്ടി’ ന്റെ പ്രകാശന കർമ്മം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജർ റവ.ഫാ.ഡോമിനിക് അയിലൂപ്പറമ്പിൽ, സ്കൂൾ മാനേജർ സി.ജാൻസി സി.എം.സി, കാഞ്ഞിരപ്പള്ളി സി.ഐ.എൻ ബിജു തുടങ്ങിയവർ മാഗസിന് ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഡെയ്സ് മരിയയുടെ മാർഗ്ഗ നിർദ്ദേശങ്ങളോടെ തയാറാക്കിയ മാസികയ്ക്ക് അധ്യാപികമാരായ ജാക്വിലിൻ സെബാസ്റ്റ്യൻ, ജാൻസി സഖറിയാസ്, സി.ജിജി പുല്ലത്തിൽ, മിനിമോൾ ജോസഫ്, നിസാമോൾ ജോൺ, ഷൈനി ഫ്രാൻസിസ് എന്നിവർ നേതൃത്വം നല്കി. കുമാരി റിയ നിസ് മാർട്ടിനാണ് സ്റ്റുഡന്റ് എഡിറ്റർ.